പരാഗ്വേയിലെ ഈ പെണ്‍കുട്ടിയെ അവളുടെ രണ്ടാനച്ഛന്റെ ക്രൂരതകൊണ്ട് 10ാവയസില്‍ ഗര്‍ഭിണിയാകേണ്ടി വന്നു അബോര്‍ഷന്‍ നടത്തി ഈ മാനക്കേടില്‍ നിന്നും തലയൂരാന്‍ പെണ്‍കുട്ടി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അധികൃതര്‍ അവള്‍ക്ക് ഗര്‍ഭച്ഛിദ്രം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് 11ാം വയസില്‍ അവള്‍ക്ക് അമ്മയാകേണ്ടി വന്നു.
ഇപ്പോള്‍ ലോകം ഈ അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. മതപരമായ നിയമങ്ങള്‍ മൂലമാണ് പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നിഷേധിച്ചിരിക്കുന്നത്. ഇവിടുത്തെ നിയമമനുസരിച്ച് അമ്മയുടെ ആരോഗ്യത്തിനോ ആയുസ്സിനോ ദോഷമുണ്ടാകുന്ന ഒഴിച്ച് കൂടാനാവാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമെ ഗര്‍ഭച്ഛിദ്രം അനുവദിക്കുകയുള്ളൂ.
ഡോക്ടര്‍മാര്‍ ഇന്നലെ പെണ്‍കുട്ടിക്ക് സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. ഒരു പെണ്‍കുഞ്ഞാണ് പിറന്നിരിക്കുന്നത്.രണ്ടുപേരും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെങ്കിലും ഇത്രയും ചെറിയ പ്രായത്തില്‍ അമ്മയായത് പെണ്‍കുട്ടിക്ക് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന ആശങ്കകളും ഉയരുന്നുണ്ട്. എന്നാല്‍ പരാഗ്വേയിലെ കര്‍ക്കശമായ ഗര്‍ഭച്ഛിദ്ര നിയമത്തിന് മുന്നില്‍ പെണ്‍കുട്ടിയെ പ്രസവിപ്പിക്കുക മാത്രമെ വഴിയുണ്ടായിരുന്നുള്ളൂ. ഇതിനെല്ലാം ഉത്തരവാദിയായ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിചാരണയ്ക്കായി കാത്തിരിക്കുകയാണ്. പെണ്‍കുട്ടിയെ നിരുത്തരവാദപരമായി വളര്‍ത്തിയതിന് അവളുടെ അമ്മയുടെ പേരിലും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിക്ക് അബോര്‍ഷന്‍ നിഷേധിച്ച നടപടിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ശക്തമാവുകയാണ്. യുഎന്‍ മനുഷ്യാവകാശ ഒഫീഷ്യലുകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.അബോര്‍ഷന് വിധേയരാകുന്ന സ്ത്രീകളോടും അത് നിര്‍വഹിക്കുന്ന ഡോക്ടര്‍മാരോടും ക്ഷമിക്കാന്‍ റോമന്‍ കത്തോലിക്കാ പുരോഹിതന്മാര്‍ തയ്യാറാകണമെന്ന് പോപ്പ് പറഞ്ഞിരുന്നു. പരാഗ്വേയിലെ സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുവാന്‍ ഇതും പിന്‍ബലമേകിയിട്ടുണ്ട്. ബ്രസീലിലും 2009ല്‍ ഇതുപോലുള്ള സംഭവം ആവര്‍ത്തിച്ചിരുന്നു. അവിടെയും രണ്ടാനച്ഛനായിരുന്നു വില്ലനായി വര്‍ത്തിച്ചത്