ചെന്നൈ: സാധാരണക്കാരനില്‍ നിന്ന് ഉയരങ്ങളിലേക്കുള്ള ഈ യുവാവിന്റെ വിജയം കഠിനാധ്വാനത്തിലൂടെ ഭാവി തലമുറയ്ക്ക് മാര്‍ഗമാവുകയാണ് ലോകത്തെ ഏറ്റവും വലിയ ടെക് സ്ഥാപനമായ ഗൂഗിളിന്റെ തലവനായി നിയോഗിക്കപ്പെട്ട സുന്ദര്‍ പിച്ചൈ എന്ന 43കാരന്‍. തമിഴ്‌നാട്ടില്‍ ജനിച്ച്, സാധാരണ ജീവിതം നയിച്ച സുന്ദറിന്റെ വളര്‍ച്ച സ്വന്തം കഠിനാധ്വാനത്തിലൂടെ മാത്രമാണ്.
ഐഐടി ഖരഗ്പുരില്‍നിന്ന് ബിരുദം നേടിയ സുന്ദര്‍ പിന്നീട് സ്റ്റാന്‍ഫഡ് സര്‍കവലാശാലയില്‍നിന്ന് എംഎസ്സും പെന്‍സില്‍വാനിയയിലെ വാര്‍ട്ടന്‍ സ്‌കൂളില്‍നിന്ന് എംബിഎയും കരസ്ഥമാക്കി. ഗുഗിളിലെത്തുന്നതിന് മുമ്പ് അപ്ലൈഡ് മെറ്റീരിയല്‍സില്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചു. പിന്നീട് മക്കിന്‍സി ആന്‍ഡ് കമ്പനിയില്‍ മാനേജ്‌മെന്റ് തസ്തികയിലും ജോലി ചെയ്തു.
2004ലാണ് സുന്ദര്‍ ഗൂഗിളിലെത്തുന്നത്. പ്രോഡക്ട് മാനേജ്‌മെന്റില്‍ വൈസ് പ്രസിഡന്റായാണ് തുടക്കം. ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ നിര്‍മ്മാണത്തിലായിരുന്നു ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ വിജയത്തോടെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.ഗുഗിളിന്റെ വിവിധ സെര്‍ച്ച് പ്രോഡക്ടുകളായ ഫയര്‍ഫോക്‌സ്, ഗൂഗിള്‍ ടൂള്‍ബാര്‍, ഡെസ്‌ക്‌ടോപ്പ് സെര്‍ച്ച്, ഗാഡ്‌ജെറ്റ്‌സ്, ഗൂഗിള്‍ ഗിയേഴ്‌സ് തുടങ്ങി വിവിധ ഉത്പന്നങ്ങളുടെ ചുമതലക്കാരനായി. 2008ല്‍ ഗൂഗിള്‍ ക്രോമിന്റെ വിജയത്തോടെ സുന്ദര്‍ ടെക് ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. ആ വളര്‍ച്ചയാണ് 2013 മാര്‍ച്ചില്‍ ആന്‍ഡ്രോയ്ഡ് സിഇഒ ആന്‍ഡി റൂബിന്റെ പകരക്കാരനായി സുന്ദറിനെ ഉയര്‍ത്തിയത്.
സൗമ്യമായി മാത്രം സംസാരിക്കുന്ന, മുഖ്യധാരയില്‍ അധികം അറിയപ്പെടാത്ത ടെക്കി എന്നാണ് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ സുന്ദര്‍ പിച്ചൈയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ടീമിനെ നയിക്കാനും പുതിയ പുതിയ പദ്ധതികള്‍ വിജയിപ്പിക്കാനും സുന്ദറിനുള്ള കഴിവ് ഗൂഗിളിലെ ഉന്നതര്‍ തിരിച്ചറിഞ്ഞുവെന്നതിന്റെ തെളിവാണ് ഈ സ്ഥാനക്കയറ്റമെന്നും വിലയിരുത്തപ്പെടുന്നു.
മൊബൈല്‍ ലോകത്തെ ഏറ്റവും ശക്തനായ മനുഷ്യന്‍ എന്നാണ് ബ്ലൂംബെര്‍ഗ് സുന്ദറിനെ വിശേഷിപ്പിക്കുന്നത്. ബോളിവുഡ് സിനിമയെ അതിശയിപ്പിക്കുന്ന ജീവിതവിജയമായും അദ്ദേഹത്തിന്റെ ഉയര്‍ച്ച വിശേഷിപ്പിക്കപ്പെടുന്നു. ചെന്നൈയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് സാധാരണക്കാരനായി വളര്‍ന്ന സുന്ദര്‍ ഗൂഗിളിന്റെ തലവനായി മാറിയത് അത്തരമൊരു വിജയഗാഥയാണ്.
ജിഇസിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറായ അച്ഛന്റെയും സ്റ്റെനോഗ്രാഫറായ അമ്മയുടെയും മകനായി ജനിച്ച സുന്ദറിന്റെ ബാല്യകാലം സാധാരണ കുട്ടിയുടേതായിരുന്നു. എന്‍ജിനിയറായ അച്ഛന്റെ പാത പിന്തുടരാനാണ് കുട്ടിക്കാലത്തുതന്നെ സുന്ദര്‍ തീരുമാനിച്ചത്. എന്നും ജോലി കഴിഞ്ഞെത്തുമ്പോള്‍ സംശയങ്ങളുമായി സുന്ദര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് അച്ഛന്‍ രഘുനാഥ പിച്ചൈ പറയുന്നു.
നാലുപേരടങ്ങിയ കുടുംബം രണ്ടു മുറി ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. സുന്ദറും അനിയനും ലിവിങ് റൂമില്‍ കിടന്നുറങ്ങി. ടെലിവിഷനോ മറ്റ് വിനോദോപാധികളോ ഇല്ലാത്ത കുട്ടിക്കാലം. സിറ്റി ബസ്സുകളിലെ തിരക്ക് സഹിച്ച് സ്‌കൂളിലേക്ക് യാത്ര ചെയ്തിരുന്ന സുന്ദറും അനിയനും ഉണ്ടായിരുന്ന ഏക ആര്‍ഭാടം അച്ഛന്റെ ലാംബി സ്‌കൂട്ടര്‍ മാത്രമായിരുന്നു. സ്‌കൂട്ടറിന് മുന്നില്‍ നിന്നുകൊണ്ടായിരുന്നു സുന്ദറിന്റെ യാത്ര. ആ യാത്രയാണ് ഇന്ന് ഗുഗിളിന്റെ തലപ്പത്തെത്തി നില്‍ക്കുന്നത്.