റിസര്‍വ് ബാങ്കില്‍നിന്ന് ഇത്തവണ കേന്ദ്രത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം: കൈമാറിയത് 66,000 കോടി രൂപ

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തവണ കേന്ദ്രസര്‍ക്കാറിന് നല്‍കിയത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം. 66,000 കോടിരൂപയാണ് ഇത്തവണ ലാഭവിഹിതമായി നല്‍കിയത്. ആര്‍ബിഐയുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്നതുകയാണിത്. കഴിഞ്ഞ വര്‍ഷം നല്‍കിയതിലും 22 ശതമാനം വര്‍ധനയാണ് ഇത്തവണയുണ്ടായത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ തുക ഡിവിഡന്റ് ഇനത്തില്‍ ലഭിച്ചതോടെ ധനക്കമ്മി കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മൂലധനച്ചെലവുകള്‍ക്കുള്ള പണം കണ്ടെത്താനും സര്‍ക്കാരിന് സാധിക്കും. ഡിവിഡന്റ് ഇനത്തില്‍ 64,500 കോടി രൂപ ലഭിക്കുമെന്നായിരുന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. കേന്ദ്രബാങ്ക് എന്ന നിലയില്‍ റിസര്‍വ് ബാങ്കിന് പലവിധത്തിലുള്ള വരുമാനസ്രോതസുകളുണ്ട്. സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ കൈവശം വെയ്ക്കുന്നതിലൂടെ ലഭിക്കുന്ന കൂപ്പണ്‍ പേമെന്റ്, വായ്പയിനത്തില്‍ മറ്റു ബാങ്കുകള്‍ നല്‍കുന്ന പലിശ, അമേരിക്കന്‍ ട്രഷറി ബില്‍ ഉള്‍പ്പെടെയുള്ള ബോണ്ടുകളില്‍ നിന്നുള്ള വരുമാനം എന്നിവയാണ് ആര്‍ബിഐയുടെ പ്രധാന വരുമാന സ്രോതസുകള്‍. ഓരോ വര്‍ഷവും ചെലവുകള്‍ക്കാവശ്യമായ തുകയും ലാഭത്തിന്റെ ഒരു വീതവും മാറ്റിയതിന് ശേഷമുള്ള തുക ആര്‍ബിഐ സര്‍ക്കാരിന് കൈമാറുകയാണ് പതിവ്.

Top