അന്താരാഷ്ട്ര ഇസ്ലാമിക ഭീകരവാദികളായ ഐസിസിന്റെ ക്രൂരതകള്‍ അവസാനിക്കുന്നില്ല. ലൈംഗീക ബന്ധത്തിന് വിസമ്മതിച്ച പെണ്‍കുട്ടികളെ കഴുത്തറത്ത് കൊന്നതാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കുര്‍ദിഷ് ഉദ്യോഗനാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിന് യുഎന്‍ സ്ഥിരീകരണവും നല്‍കിയിട്ടുണ്ട്.
കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ ഐസിസ് ശക്തികേന്ദ്രമായ ഇറാഖിലെ മൊസൂളില്‍ ഭീകരരുടെ കസ്റ്റഡിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഭീകരര്‍ പിടികൂടിയത്.ഐസിസ് പാളയത്തില്‍ നടക്കുന്ന ലൈംഗികവ്യാപാരത്തെക്കുറിച്ച് യുഎന്‍ സ്ഥാനപതി സൈനബ് ബന്‍ഗുര അന്വേഷണം നടത്തിയിരുന്നു.
സ്ത്രീകളെ പെട്രോള്‍ ബാരലുകള്‍ക്ക് സമാനമായി ഇവിടെ വില്‍പനച്ചരക്കാക്കുന്നുണ്ടെന്നും ഒരു സ്ത്രീയെ ആറോളം പുരുഷന്മാര്‍ക്കായി കാഴ്ചവയ്ക്കാറുണ്ടെന്നുമാണ് പ്രസ്തുത അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്.തങ്ങള്‍ പിടിച്ചെടുത്ത യസീദി, ക്രിസ്ത്യന്‍ സ്ത്രീകളെയും കുട്ടികളെയും വില്‍ക്കാന്‍ നിര്‍ദേശിക്കുന്ന ഐസിസ് രേഖ സൈനബ് പരിശോധിച്ച് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഒരു വയസ് മുതല്‍ ഒമ്പത് വയസുവരെയുള്ള പെണ്‍കുട്ടികള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പണത്തിന് വേണ്ടിയായിരുന്നു ഈ വില്‍പന.
നോര്‍ത്തേണ്‍ ഇറാഖിലെ സിന്‍ജാര്‍ പ്രവിശ്യ ഐസിസ് കഴിഞ്ഞ വര്‍ഷം ആക്രമിച്ച് കീഴടക്കിയിരുന്നു. അവിടെ വച്ച് അവര്‍ യസീദി സമുദായത്തില്‍ നിന്നുള്ള നൂറ് കണക്കിന് യസീദി സ്ത്രീകളെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ഇവരെ ഐസിസ് ലൈംഗിക അടിമകളാക്കി മാറ്റിയിട്ടുമുണ്ട്. ഇതില്‍ നിന്നും രക്ഷപ്പെട്ട ചില സ്ത്രീകള്‍ അവിടെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
ഭീകരരെ വിവാഹം കഴിക്കാനും ലൈംഗികബന്ധത്തിലേര്‍പ്പെടാനും തങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തിയിതിനെ കുറിച്ച് അവര്‍ വെളിപ്പെടുത്തിയിരുന്നു. അതിന് തയ്യാറാവാത്തവര്‍ക്ക് ക്രൂരമായ ലൈംഗികപീഡനം അനുഭവിക്കേണ്ടി വന്നിരുന്നു.19 പെണ്‍കുട്ടികളെ എപ്പോഴാണ് വധിച്ചതെന്നത് വ്യക്തമായിട്ടില്ല. എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലാണീ ക്രൂരകൃത്യം നടന്നതെന്ന് സൂചനകളുണ്ട്.കൊല്ലപ്പെട്ടവര്‍ യസീദികളാണോ അല്ലയോ എന്നും സ്ഥിരീകരണമുണ്ടായിട്ടില്ല.എന്നാല്‍ ഭീകരരുമായി ലൈംഗിക ബന്ധത്തിന് തയ്യാറാവാതിരുന്നതിനാണ് ഇവരെ കൊന്നതെന്ന് കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വക്താവ് സെയ്ദ് മിമൗസിനി മൊസൂളില്‍ ഇറാഖി ന്യൂസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
തങ്ങളുടെ കസ്റ്റഡിയില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന സ്ത്രീകളുടെ വിലനിലവാരം വ്യക്തമാക്കിക്കൊണ്ട് ഒക്ടോബറില്‍ ഐസിസ് ഒരു പട്ടിക പുറത്തിറക്കിയിരുന്നു. യുഎന്നിന്റെ സ്ഥാനപതി ഏപ്രിലില്‍ ഇത് സ്ഥിരീകരിക്കുന്നത് വരെ ഈ ലിസ്റ്റിന്റെ ഒറിജിനാലിറ്റിയെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. പെണ്‍കുട്ടികളെ പെട്രോള്‍ ബാരലുകള്‍ പോലെ വിറ്റിരുന്നുവെന്നാണ് സൈനബ് ബ്ലൂംബര്‍ഗിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ഡോളര്‍ മോചനദ്രവ്യം ഈടാക്കിക്കൊണ്ടട് ചില സ്ത്രീകളെ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിപ്പോകാനും ഐസിസ് അനുവദിച്ചിരുന്നുവത്രെ. ഒരു വയസ് മുതല്‍ ഒമ്പത് വയസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് 11000 രൂപയാണ് വിലയീടാക്കിയിരുന്നത്. എന്നാല്‍ പ്രായമായ സ്ത്രീകള്‍ക്ക് വില കുറയുകയും ചെയ്യും. സിറിയയിലെ റാഖയില്‍ വച്ച് യസീദി സ്ത്രീകളെ ഐസിസ് ലേലച്ചന്തയില്‍ വിറ്റിരുന്നുവെന്നും യുഎന്‍സ്ഥാനപതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.