സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിലൂടെ മികച്ച വരുമാനം നേടാനാകുമെങ്കിലും പലരും അതിന് ഭയക്കുന്നൊരു സാഹചര്യമാണ് ഇന്നുള്ളത്. ആവശ്യപ്പെടുന്ന സമയത്ത് വാടകക്കാരന്‍ ഒഴിഞ്ഞുതരുമോ അല്ലെങ്കില്‍ വേണ്ട വിധത്തില്‍ സൂക്ഷിക്കാതെ കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തുമോ തുടങ്ങിയ അനേകം ആധികളായിരിക്കും കെട്ടിട ഉടമയ്ക്കുണ്ടാവുക. അതേസമയം കെട്ടിടത്തിന്റെ വാടക ഭീമമായി വര്‍ധിപ്പിക്കുമോ, പെട്ടെന്ന് ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെടുമോ തുടങ്ങിയ സംശയങ്ങളായിരിക്കും വാടകക്കാരനുണ്ടാകുക. വീടുകള്‍, ഫ്‌ളാറ്റുകള്‍, ഷോപ്പുകള്‍ തുടങ്ങിയവയൊക്കെ വാടകയ്ക്ക് നല്‍കുമ്പോള്‍ മിക്കവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. ഇത്തരം വിഷയങ്ങളില്‍ കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന മികച്ച ഒരു ഉപാധിയാണ് വാടക കരാര്‍.
എന്തൊക്കെ ഉള്‍പ്പെടുത്തണം
വാടകക്കാരനും കെട്ടിട ഉടമയും തമ്മിലുള്ള നിയമപരമായ ഉടമ്പടിയാണ് വാടക കരാര്‍. ഇതില്‍ ഇരുകൂട്ടരും പാലിക്കേണ്ട ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമായി പറഞ്ഞിരിക്കണം. വാടക കരാര്‍ രജിസ്റ്റര്‍ ചെയ്യുകയെന്നത് പ്രധാനപ്പെട്ടതാണ്. അതിലൂടെ മാത്രമേ നിയമപരമായ പരിരക്ഷ ഉറപ്പുവരുത്താനാകുകയുള്ളൂ.
ഏതെങ്കിലും ഒരു കക്ഷി മാത്രമായി എഴുതുന്നതിനെക്കാള്‍ വാടകക്കാരനും കെട്ടിട ഉടമയും ചേര്‍ന്നെഴുതുന്ന കരാറാണ് ഏറ്റവും നല്ലത്. വാടകയുടെ കാലാവധി തീയതി ഉള്‍പ്പടെ കരാറില്‍ വ്യക്തമാക്കണം. പ്രതിമാസ വാടക തുകയ്ക്ക് പുറമേ ഡിപ്പോസിറ്റ് തുക എത്രയാണെന്നും കരാര്‍ അവസാനിക്കുമ്പോള്‍ ഡിപ്പോസിറ്റ് തിരികെ കൊടുക്കുന്നതാണെന്നും കരാറില്‍ എഴുതിയിരിക്കണം. എത്ര മാസത്തെ വാടകയാണ് ഡിപ്പോസിറ്റായി വാങ്ങുന്നതെന്നും വ്യക്തമാക്കണം.
കെട്ടിടത്തിന്റെയും അത് സ്ഥിതിചെയ്യുന്ന വസ്തുവിന്റെയും വിശദാംശങ്ങള്‍ കരാറില്‍ കാണിക്കാം. കെട്ടിട ഉടമയ്ക്കും വാടകക്കാരനും പരസ്പരം മൂന്നു മാസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിക്കൊണ്ട് കെട്ടിടം ഒഴിയുന്നതിനുള്ള അവകാശം ഉണ്ടായിരിക്കുമെന്ന നിബന്ധനയും ഉള്‍പ്പെടുത്തണം. ഫ്‌ളാറ്റുകളാണെങ്കില്‍ പാര്‍ക്കിംഗ് സ്‌പെയ്‌സും കോമണ്‍ ഫെസിലിറ്റിയും ലഭ്യമാണോയെന്നതും വ്യക്തമാക്കിയിരിക്കണം. കെട്ടിടത്തിന് കേടുപാടുണ്ടാക്കിയാലും സമയത്തിന് ഒഴിഞ്ഞുതന്നില്ലെങ്കിലും ഈടാക്കുന്ന പിഴ തുകയെക്കുറിച്ചും സൂചിപ്പിക്കാം.
11 മാസത്തെ കരാര്‍, നഷ്ടപ്പെടുന്ന നികുതി വാടക കരാറില്‍ ഇരുപാര്‍ട്ടികളും ഒപ്പിട്ടിരിക്കണമെന്നത് നിര്‍ബന്ധമാണ്. വാടകക്കാരന്റെ ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി നിര്‍ബന്ധമായും കെട്ടിട ഉടമ സൂക്ഷിക്കണം. വാടകക്കാരന്റെയും കെട്ടിട ഉടമയുടെയും താല്‍
പ്പര്യങ്ങള്‍ ഒരുപോലെ സംരക്ഷിച്ചുകൊണ്ടുള്ള ഒന്നാണ് വാടക കരാര്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. സര്‍ക്കാര്‍ ഈ രംഗത്ത് പുതിയ നിയമം കൊണ്ടുവരുന്നതോടെ കരാറുകളിലെ നിബന്ധനകളിലും കാര്യമായ മാറ്റം ഉണ്ടായേക്കും.
നിലവിലുള്ള നിയമം അനുസരിച്ച് ഒരു വര്‍ഷത്തില്‍ കൂടുതലുള്ള വാടക കരാര്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതി. അതിനാല്‍ ഭൂരിഭാഗം ഉപഭോക്താക്കളും 11 മാസത്തേക്ക് മാത്രമുള്ള കരാര്‍ എഴുതുകയും അതിന്റെ കാലാവധി തീരുന്നതിന് അനുസരിച്ച് അത് പുതുക്കി എഴുതുകയുമാണ് ചെയ്യുന്നത്. വാടക കരാറുകളുടെ രജിസ്‌ട്രേഷന്‍ നിരക്കുകള്‍ സര്‍ക്കാര്‍ ഭീമമായി വര്‍ധിപ്പിക്കുകകൂടി ചെയ്തതോടെ കരാറുകള്‍ യാതൊന്നും രജിസ്റ്റര്‍ ചെയ്യപ്പെടാത്ത അവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇത് സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ വരുമാനത്തില്‍ വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. കെട്ടിട ഉടമയ്ക്കും വാടകക്കാരനും ഒരുപോലെ പ്രയോജനപ്രദമായ വിധത്തില്‍ സുതാര്യതയോടെ വാടക നിയന്ത്രണ നിയമം പരിഷ്‌കരിക്കണമെന്നാണ് ഈ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നത്.
റെന്റ് കണ്‍ട്രോള്‍ ആക്റ്റ് അനിവാര്യം
കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാടക നിയന്ത്രണ നിയമം പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് നടപ്പായിട്ടില്ല. അതിനാല്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള നിയമമാണ് ഇപ്പോഴും ഈ രംഗത്ത് നിലനില്‍ക്കുന്നത്. 1992ലെ കേന്ദ്ര വാടക നിയന്ത്രണ നിയമത്തിന്റെ ചുവടുപിടിച്ച് കേരളത്തിലെ നിയമങ്ങള്‍ 2002ലും 2008ലും പരിഷ്‌കരിക്കാനുള്ള ശ്രമമുണ്ടണ്ടായെങ്കിലും അത് ഫലവത്തായില്ല. 2013ല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി, ക്രെഡായ് തുടങ്ങിയ വിവിധ സംഘടനകളുമായി കൂടിയാലോചിച്ച് Kerala buildings (Lease, Standard rent and other facilities ) Act എന്ന പേരില്‍ പുതിയൊരു ബില്ലിന് സര്‍ക്കാര്‍ രൂപംകൊടുത്തെങ്കിലും വിവിധ കാരണങ്ങളാല്‍ അതും ഇതേവരെ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ സാധിച്ചിട്ടില്ല.
വാടകക്കാരന്റെ പ്രത്യേക ശ്രദ്ധയ്ക്ക്
കരാറില്‍ പ്രതിമാസ വാടക പറയുന്നതിലൂടെ അടിക്കടി അതിലുണ്ടാകുന്ന വര്‍ധന ഒഴിവാക്കാനാകും. വാടക നല്‍കേണ്ട തിയതി, അതിനുള്ള അധിക കാലാവധി, വാടക തുകയില്‍ പ്രതിവര്‍ഷമുണ്ടാകുന്ന വര്‍ധന എന്നിവയും വിശദമാക്കണം. വൈദ്യുതി, വാട്ടര്‍ ചാര്‍ജ് എന്നിവ വാടക തുകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നതും വ്യക്തമാക്കിയിരിക്കണം. ഓരോ മാസവും വാടക അടച്ചതിന്റെ രസീത് വാടകക്കാരന്‍ വാങ്ങി സൂക്ഷിക്കാനും മറക്കരുത്.
ഉടമയുടെ പ്രത്യേക ശ്രദ്ധയ്ക്ക്
കെട്ടിട ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ കെട്ടിടത്തിന്റെ ഘടനയില്‍ മാറ്റം വരുത്തരുതെന്നും നിയമവിധേയമല്ലാത്ത കാര്യങ്ങള്‍ക്ക് കെട്ടിടം ഉപയോഗിക്കരുതെന്നും കെട്ടിടം ഉപവാടകയ്ക്ക് നല്‍കരുതെന്നും അവശ്യ സന്ദര്‍ഭങ്ങളില്‍ ഉടമയ്ക്ക് കെട്ടിടം പരിശോധിക്കാനുള്ള അധികാരം ഉണ്ടായിരിക്കുമെന്നും കരാറില്‍ പറയാം. കരാറിലെ നിബന്ധനകള്‍ വാടകക്കാരന്‍ തെറ്റിച്ചാല്‍ ഉടമയ്ക്ക് കരാര്‍ ഏകപക്ഷീയമായി റദ്ദ് ചെയ്ത് കെട്ടിടം സ്വന്തമാക്കാനാകുമെന്നും സൂചിപ്പിക്കാം.
കടപ്പാട് ധനം