ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റൈന് വേണ്ടെന്നും പകരം സ്വയം നിരീക്ഷണം മതിയെന്നും കേന്ദ്ര സര്‍ക്കാര്‍. ഇതടക്കം രാജ്യാന്തര യാത്രക്കാര്‍ക്കുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പുതുക്കിയ കേന്ദ്ര സര്‍ക്കാര്‍ റിസ്ക് രാജ്യങ്ങളെന്ന വിഭാഗവും ഒഴിവാക്കി.
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് റിസ്ക് രാജ്യങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയവയില്‍ നിന്നെത്തുന്നവര്‍ക്ക് പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച്ച മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകും. തുടര്‍ച്ചയായി മാറ്റങ്ങള്‍ വരുന്ന കോവിഡ് വൈറസിനെ നിരീക്ഷിക്കേണ്ടതുണ്ടെന്നും അതേസമയം സാമ്പത്തിക ഇടപാടുകള്‍ തടസമില്ലാതെ നീങ്ങേണ്ട ആവശ്യകത അംഗികരിച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്.
പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രക്കാരും എയര്‍ സുവിധ വെബ് പോര്‍ട്ടലില്‍ ലഭ്യമായ സ്വയം വെളിപ്പെടുത്തല്‍ ഫോം കഴിഞ്ഞ 14 ദിവസത്തെ യാത്രാവിവരങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തി പൂരിപ്പിക്കണം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പെടുത്ത ആര്.ടി.പി.സി.ആര്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.
അതോടൊപ്പം രണ്ട് വാക്സിനുകള്‍ ലഭിച്ചു എന്ന സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. അതോടൊപ്പം രണ്ട് വാക്സിനുകള്‍ ലഭിച്ചെന്ന സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. അതേസമയം രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ ഉടന്‍ ക്വാറന്റൈനിലാക്കുകയും പരിശോധന നടത്തുകയും ചെയ്യും. പോസിറ്റീവായാല്‍ സമ്പര്‍ക്ക പട്ടികയുണ്ടാക്കുകയും ചെയ്യും.