ന്യൂഡല്‍ഹി: സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് കണ്ടാല്‍ സദാചാരം പറയുന്ന ഒളിഞ്ഞോട്ട നോട്ടക്കാര്‍ക്ക് തിരച്ചടിയായി സുപ്രീം കോടതി വിധി .വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്നത് കുറ്റകരമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആധുനിക കാലത്ത് ഇത്തരം ബന്ധങ്ങള്‍ സമൂഹത്തിന് സ്വീകാര്യമാണെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍ത്തകരുടെ സ്വകാര്യബന്ധങ്ങള്‍ വെളിപ്പെടുത്തുന്നത് അപകീര്‍ത്തിയായി പരിഗണിക്കാമോ എന്ന് പരിശോധിക്കവേയാണ് കോടതി ഇത്തരത്തില്‍ പരാമര്‍ശിച്ചത്. ഫലത്തില്‍ സദാചാര പൊലീസുമായി ആളുകളെ പൊതു സ്ഥലത്ത് അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് ഈ ഉത്തവ് തിരിച്ചടിയാകുന്നത്.
പൊതുപ്രവര്‍ത്തകരുടെ വ്യക്തിജീവിതത്തില്‍ ജനങ്ങള്‍ ഇടപെടേണ്ടതില്ലെന്നും അത്തരം നടപടികള്‍ പൊതു താത്പര്യമെന്ന് കരുതാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി കോടതിയെ അറിയിച്ചു. ഇതും സദാചാര പൊലീസിനുള്ള തിരിച്ചടിയാണ്. കേന്ദ്ര സര്‍ക്കാരും സദാചാര പൊലീസിനെ ഗൗരവത്തോടെ കാണണമെന്ന നിലപാടില്‍ എത്തിയതിന്റെ സൂചനയാണ് ഇത്. എന്നാല്‍ അപകീര്‍ത്തി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത എ.ജി നിയമം മാറ്റുന്നത് സമൂഹത്തില്‍ അരാജകത്വം കൊണ്ടുവരുമെന്ന് ചൂണ്ടിക്കാട്ടി.
സദാചാര പൊലീസുമായി ബന്ധപ്പെട്ട കേസുകളെ എല്ലാം ഈ വിധി സ്വാധീനിക്കും. വിചാരണയിലുള്ള കേസുകളെ സുപ്രീംകോടതി വിധി സ്വാധീനിക്കും. നിയമത്തില്‍ പരമോന്നത കോടതി വ്യക്തത വരുത്തിയതിനാല്‍ ആര്‍ക്കും ഇനി വേഗത്തില്‍ കേസുകളില്‍ നിന്ന് ഊരിപ്പോകാന്‍ കഴിയില്ല. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും വരെ സദാചാര പൊലീസിന്റെ ചൂട് അറിയേണ്ടി വരുന്നു. എവിടേയും എപ്പോഴും കയറി ഇടപെട്ട് കാര്യങ്ങള്‍ വഷളാക്കുന്ന സദാചാര പൊലീസിന്റെ ഫലമായി കൊലപാതകങ്ങളും ആത്മഹത്യകളും പോലും നടക്കാറുണ്ട്. എല്ലാ സമൂഹത്തിന് വേണ്ടിയെന്ന് പറഞ്ഞ് നല്ല പിള്ള ചമയുകയാണ് വിവാദമുണ്ടാകുമ്പോള്‍ ഇത്തരക്കാര്‍ ചെയ്യുന്നത്.
ഇതെല്ലാം ഉള്‍ക്കൊണ്ട് തന്നെയാണ് കോടതി നിലപാട് വിശദീകരിക്കുന്നത്. പ്രായപൂര്‍ത്തിയായ ആര്‍ക്കും ഇനി സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാം. കോടതി വിധിയെ കുറിച്ച് അറിഞ്ഞ സദാചാര പൊലീസുകാര്‍ ആരും ശല്യം ചെയ്യാന്‍ വരില്ല. ഇത്തരം ഇടപെടലുകള്‍ക്കെതിരെ പൊലീസും ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ വലിയൊരു സാമൂഹ്യ വിപത്തിന് തന്നെ അവസാനമാകും.