കൊച്ചി: സംഘടനാ വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ നടപടിയെടുക്കാന്‍ ആലോചന. ലീല സിനിമയുടെ പബ്ലിസിറ്റി ക്ലിയറന്‍സുമായി ബന്ധപ്പെട്ടാണ് പരാതി ഉള്ളത്. രഞ്ജിത്തിനെതിരെ നടപടിയെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചു. ഇതിനിടയില്‍ രഞ്ജിത്ത് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു, ഇതോടെയാണ് ഭാരവാഹികള്‍ ആരോപണവുമായി രംഗത്തെത്തിയത്.
ചേംബറിനെ താറപ്പറ്റിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് രഞ്ജിത്ത് കോടതിയെ സമീപിച്ചതെന്ന ആരോപണമാണ് സംഘടനാ ഭാരവാഹികള്‍ ഉന്നയിക്കുന്നത്. പബ്ലിസിറ്റി ക്ലിയറന്‍സിന് കത്ത് നല്‍കിയ അന്നു തന്നെ കോടതിയില്‍ രഞ്ജിത്ത് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ചേംബര്‍ വൈസ് പ്രസിഡന്റ് എം.സി. ബോബി, സെക്രട്ടറി അനില്‍ തോമസ്, ട്രഷറര്‍ എന്‍.പി. സുബൈര്‍, പബ്ലിസിറ്റി സ്‌ക്രീനിങ് ചെയര്‍മാന്‍ സാഗാ അപ്പച്ചന്‍ എന്നിവര്‍ പത്രസമ്മേളനത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അനാവശ്യ വിവാദത്തിലൂടെ ലീല എന്ന സിനിമയ്ക്കു ജനശ്രദ്ധ നേടാനുള്ള ശ്രമമാണ് സംവിധായകന്‍ രഞ്ജിത്ത് നടത്തുന്നതെന്നു ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ആരോപിച്ചു. ചിത്രത്തിനു വേണ്ടി പബ്ലിസിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കില്ലെന്നു ചേംബര്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നു ഇവര്‍ പറയുന്നു. രഞ്ജിത്തിന്റെ ശ്രമം സംഘടനയെ അവഹേളിക്കുകയാണെന്നും ആരോപണമുണ്ട്.