സംസ്ഥാന സിനിമാ അവാര്‍ഡ്; മമ്മൂട്ടിയും നിവിന്‍ പോളിയും ഏറ്റുമുട്ടുന്നു

nivin poliതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ന് വൈകീട്ട് പ്രഖ്യാപിക്കുമ്പോള്‍ മികച്ച നടനരികെ വീണ്ടും മമ്മൂട്ടി. എന്നാല്‍ നടിക്കുവേണ്ടിയുള്ള മത്സരത്തില്‍ മഞ്ജുവാര്യരും ലെനയും ഏറ്റുമുട്ടുകയാണ്.
ബാലചിത്രങ്ങളുടെ അവാര്‍ഡ് നിര്‍ണയം ഇന്നു പുലര്‍ച്ചെ പൂര്‍ത്തിയായി, പത്തു മണിക്ക് അന്തിമ ചര്‍ച്ച നടത്തി, ഉച്ചയോടെ പട്ടിക നല്‍കുമെന്നാണു സൂചന. എ ജോണ്‍പോള്‍ ചെയര്‍മാനായ ജൂറിയാണ് 73 ചിത്രങ്ങള്‍ വിലയിരുത്തിയത്. സ്‌ക്രീനിങ് ഇന്നലെ പൂര്‍ത്തിയായി. മികച്ച നടനായി ജനപ്രിയ നായകന്‍ മമ്മൂട്ടിയും അഭിനയിച്ചതെല്ലാം പൊന്നാക്കിയ നിവിന്‍ പോളിയും ഒപ്പത്തിനൊപ്പം മത്സരത്തിലുണ്ടെന്നു റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥ് ശിവയുടെ ഐന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ മുസ്തഫയും ഫൈനല്‍ റൗണ്ടില്‍. ബാല്യകാലസഖി, മുന്നറിയിപ്പ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനായി പരിഗണിക്കപ്പെടുന്നത്. നിവിന്‍ പോളിക്ക് പരിഗണന നേടിക്കൊടുക്കുന്നത് 1983, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവ. ബാംഗ്ലൂര്‍ ഡെയ്‌സ്, ഇയ്യോബിന്റെ പുസ്തകം എന്നിവയുടെ ബലത്തില്‍ ഫഹദ് ഫാസില്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, ഞാന്‍ എന്നിവയിലൂടെ ദുല്‍ഖര്‍ സല്‍മാന്‍, ഇയ്യോബിന്റെ പുസ്തകം, അപ്പോത്തിക്കരി എന്നിവയിലൂടെ ജയസൂര്യയും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമയിലെ പ്രകടനത്തിനു മഞ്ജു വാര്യരെയും അലിഫിലെ അഭിനയത്തിന് ലെനയെയും പത്മകുമാറിന്റെ ജലത്തിലെ പ്രകടനത്തിനു പ്രിയങ്കയെയും മികച്ച നടിമാരായി പരിഗണിക്കുന്നു. മുന്നറിയിപ്പിലെ മാദ്ധ്യമ പ്രവര്‍ത്തകയെ അവതരിപ്പിച്ച അപര്‍ണ ഗോപിനാഥ്, ബാംഗ്ലൂര്‍ ഡേയ്‌സിലെ സാറയെ അവതരിപ്പിച്ച പാര്‍വതി മേനോന്‍ എന്നിവരും അന്തിമ പട്ടികയിലുള്ളതായി സൂചനയുണ്ട്. എന്നാല്‍ മഞ്ജു വാര്യര്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം. മഞ്ജുവിന് തന്നെയാകും പുരസ്‌കാരമെന്ന സൂചനകളാണ് പുരസ്‌കാര നിര്‍ണ്ണയ സമിതിയില്‍ നിന്ന് ലഭിക്കുന്നത്. മികച്ച സിനിമകളുടെ പട്ടികയില്‍ നിരവധി ചിത്രങ്ങളാണ് ഇക്കുറി ഇടംപിടിച്ചിരിക്കുന്നത്. ജയരാജിന്റെ ഒറ്റാല്‍, സനല്‍കുമാര്‍ ശശിധരന്റെ ഒരാള്‍പൊക്കം, വേണുവിന്റെ മുന്നറിയിപ്പ്, പത്മകുമാറിന്റെ ജലം, എന്‍.കെ. മുഹമ്മദ് കോയയുടെ അലിഫ്, സിദ്ധാര്‍ഥ് ശിവയുടെ ഐന്‍, എബ്രിഡ് ഷൈന്റെ 1983, അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സ് തുടങ്ങിവ തമ്മില്‍ കടുത്ത മത്സരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയരാജ്, രഞ്ജിത്ത്, എബ്രിഡ് ഷൈന്‍ എന്നിവരെയാണ് അവസാന റൗണ്ടില്‍ മികച്ച സംവിധായകരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പി. ജയചന്ദ്രനും വാണി ജയറാമും മികച്ച ഗായകരുടെ ഷോര്‍ട്ട് ലിസ്റ്റില്‍. അഞ്ചു സുന്ദരികളിലെ അഭിനയത്തിനു ബേബി അനിഘ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കാനിടയുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു പുരസ്‌കാര പ്രഖ്യാപനം ഇത്തവണ ഏറെ വൈകി. ജൂറിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണിതിനു കാരണമായത്. ജൂറി അംഗങ്ങളെല്ലാം ഒരുമിച്ചിരുന്നാണു സ്‌ക്രീനിങ് നടത്തിയതെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം വിവാദം കത്തിപടരാനുള്ള സാധ്യതയുമുണ്ട്. ജ്യൂറിയിലെ ഒരംഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതി വ്യാപകമാണ്.

സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌കാരം കെ.ജി. ജോര്‍ജിന് നല്‍കാനാണ് നീക്കം. മുതിര്‍ന്ന സിനിമാ പ്രവര്‍ത്തകരായ ആര്‍.എസ്. പ്രഭു, പി.കെ. നായര്‍, എം.ഒ. ജോസഫ് എന്നിവരുടെ പേരുകളായിരുന്നു സജീവ പരിഗണനയിലുണ്ടായിരുന്നത്. ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ജോര്‍ജിനെ തെരഞ്ഞെടുക്കുന്നത്. ജൂറി രൂപീകരണത്തിലും തുടര്‍ന്ന് സിനിമാ തെരഞ്ഞെടുപ്പിലും ലാഘവത്വവും പുറമെ നിന്നുള്ള ഇടപെടലും തുടക്കത്തിലേ വിവാദമായിരുന്നു. മണിരത്‌നം, ഹരിഹരന്‍, കെ.എസ്. സേതുമാധവന്‍ തുടങ്ങിയവരുടെ പേരുകളാണ് ജൂറി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ചലച്ചിത്ര അക്കാദമി നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശങ്ങളെ അവഗണിച്ച് സിനിമാവകുപ്പ് തിരക്കഥാകൃത്ത് ജോണ്‍പോളിനെ ചെയര്‍മാനായി തീരുമാനിക്കുകയായിരുന്നു. സംവിധായകരായ ഭദ്രന്‍ മട്ടേല്‍, ബാലുകിരിയത്ത്, എഡിറ്റര്‍ ജി. മുരളി, സൗണ്ട് റിക്കോര്‍ഡിസ്റ്റ് രഞ്ജിത്, ക്യാമറാമാന്‍ സണ്ണി ജോസഫ്, സംഗീതജ്ഞ പ്രൊഫ. ഓമനക്കുട്ടി, നിര്‍മ്മാതാവ് എം.എം. ഹംസ എന്നിവരാണ് അംഗങ്ങള്‍.

Top