കൊച്ചി: ലൈറ്റ് മെട്രോയില്‍ സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയവും ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഇപ്പോള്‍ കൈകൊള്ളുന്ന തെറ്റായ നടപട്രി ക്രമങ്ങളും മൂലം തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് വൈകുകാന്‍ സാധ്യതയെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ലൈറ്റ് മെട്രോയുടെ വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍) മന്ത്രിസഭായോഗം അംഗീകരിച്ച് ഉത്തരവിറക്കുകയും നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കുകയും ചെയ്തില്ലെങ്കില്‍ കേരളത്തിന്റെ അപേക്ഷ കേന്ദ്ര നഗരവികസന മന്ത്രാലയത്തില്‍ കുടുങ്ങും. എന്നാല്‍ ശരിയായ പദ്ധതിരേഖ കേന്ദ്രത്തിന് സമര്‍പ്പിച്ചാല്‍ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് അഞ്ചു മാസത്തിനുള്ളില്‍ അന്തിമാനുമതി ലഭിക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് ശ്രീധരന്‍ ചര്‍ച്ച ചെയ്യും.
ലൈറ്റ്‌മെട്രോയുടെ പദ്ധതിരേഖ ജൂലായ് 29ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചെങ്കിലും ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. പദ്ധതിരേഖ സംസ്ഥാനം അംഗീകരിച്ചതിന്റെ ഉത്തരവും നിര്‍മ്മാണത്തിനുള്ള ഭരണാനുമതിയും പണം എങ്ങനെ കണ്ടെത്തുമെന്ന വിവരങ്ങളുമടങ്ങിയ അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ 20 ശതമാനം വിഹിതവും 60 ശതമാനം വിദേശ സഹായവുമെന്നാണ് പദ്ധതിരേഖയിലുള്ളത്. എന്നാല്‍ പത്തു ശതമാനം വീതം കേന്ദ്ര, സംസ്ഥാന വിഹിതവും 80 ശതമാനം ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്റെ (ജിക്ക) വായ്പയുമാണ് ഇ. ശ്രീധരന്റെ ശുപാര്‍ശ. ഇതില്‍ ഏതാണ് സ്വീകാര്യമെന്നതില്‍ വ്യക്തതയില്ല. വിജയവാഡയില്‍ കേന്ദ്ര, സംസ്ഥാന വിഹിതം 14.5 ശതമാനം വീതമാണ്. നാഗ്പൂരില്‍ കോര്‍പറേഷനാണ് 5 ശതമാനം ചെലവ് വഹിക്കുന്നത്.
പണം മുടക്കുന്ന രീതി വ്യക്തമാക്കിയില്ലെങ്കില്‍ കേന്ദ്രം അപേക്ഷ പരിഗണിക്കില്ലെന്ന് ശ്രീധരന്‍ പറയുന്നു. ഭരണാനുമതിയും പ്രധാനപ്പെട്ടതാണ്. ലക്‌നൗവില്‍ മെട്രോയ്ക്ക് കേന്ദ്രവിഹിതം അനുവദിക്കാന്‍ വൈകിയപ്പോള്‍ 20 ശതമാനം സംസ്ഥാനവിഹിതം ഉപയോഗിച്ച് പണിതുടങ്ങി. കഴിഞ്ഞ മാസം പൊതുസംരംഭകത്വ ബോര്‍ഡ് യോഗം 20 ശതമാനം കേന്ദ്രവിഹിതം അനുവദിക്കുകയും ചെയ്തു.
സംസ്ഥാനം ഭരണാനുമതി നല്‍കിയാല്‍ പദ്ധതിക്ക് ഇടക്കാല കണ്‍സള്‍ട്ടന്‍സിയെങ്കിലും വേണം. നഗരവികസന മന്ത്രാലയം ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് ഇവരാണ്. ഇതിന് കുറഞ്ഞ നിരക്കില്‍ ഡി.എം.ആര്‍.സിയുടെ സേവനം വിട്ടുനല്‍കാമെന്നും ശ്രീധരന്‍ അറിയിച്ചിട്ടുണ്ട്. അന്തിമ കണ്‍സള്‍ട്ടന്‍സിയെ പിന്നീട് തീരുമാനിച്ചാല്‍ മതി. നഗരവികസന മന്ത്രാലയം അംഗീകരിച്ചശേഷം ധനകാര്യ, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതി നേടണം. പണം മുടക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമായാലേ ധനകാര്യമന്ത്രാലയം അനുമതി നല്‍കൂ.
പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡിന്റെ അനുമതിയാണ് അടുത്തത്. കേന്ദ്രവിഹിതം അനുവദിക്കുന്നത് എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള ഈ ബോര്‍ഡാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിക്കു ശേഷം കേന്ദ്രമന്ത്രിസഭയുടെ അന്തിമാനുമതി കൂടി ലഭിച്ചാലേ നടപടി പൂര്‍ത്തിയാകൂ. ഇതിനു ശേഷമാണ് വിദേശ വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. വായ്പയ്ക്ക് കേന്ദ്രത്തിന്റെ ഗാരന്റിയും ഉറപ്പാക്കണം. ഇതെല്ലാം അഞ്ചു മാസത്തിനുള്ളില്‍ നേടിത്തരാമെന്നാണ് ശ്രീധരന്റെ ഉറപ്പ്.