സിപിഎമ്മിനെ പാഠം പഠിപ്പിക്കാന്‍ സിബിഐ? താമര വിരിയിക്കാന്‍ സിബി ഐ പ്രതീക്ഷയില്‍ ബിജെപി

തിരുവനന്തപുരം: കണ്ണൂരിന്റെ കൊലപാതക ചരിത്രത്തില്‍ കൊണ്ടും കൊടുത്തും പാര്‍ട്ടി വളര്‍ത്തിയ സിപിഎമ്മിന് ഇപ്പോഴുള്ള ആശങ്ക ഒരുകാലത്തും ഉണ്ടായിട്ടില്ല. പാര്‍ട്ടി കോട്ടകളില്‍ പോലും വോട്ടു ചോരുന്നു. പാര്‍ട്ടിയുടെ മുഖ്യ എതിരാളിയായ താമരക്ക് പാര്‍ട്ടി വാര്‍ഡുകളില്‍ രഹസ്യമായി വോട്ടുവീഴുന്നു. ബിജെപിയെ പേടിച്ച് പഴയ കൊലപാകത രാഷ്ട്രീയം ഒന്നുകൂടി മൂര്‍ച്ഛവപ്പിച്ചതോടെയാണ് ജയരാജന്‍വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെടുന്നത്. പക്ഷെ പതിവുപോലെ പാര്‍ട്ടി ലിസ്റ്റില്‍ കാര്യങ്ങള്‍ നീങ്ങാതായേതോടെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് സിപിഎം നിങ്ങുന്നു. കതിരൂര്‍ മനോജ് വധകേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പ്രതിയാകുന്നതോടെ ഇനിയും പല കേസുകള്‍ സിബി ഐ പിടിയിലേക്ക് പോകുമോ എന്നാണ് സിപിഎം ഭയക്കുന്നത്. കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ മുതല്‍ ടിപി വരെ എത്തിനില്‍ക്കുന്ന കേസുകളുടെ പ്രതിപട്ടിക നീണ്ടാല്‍ സംസ്ഥാന നേതാക്കള്‍ പലരും അഴിയെണ്ണേണ്ടിവരുമെന്നതാണ് സത്യം. കേന്ദ്രത്തില്‍ ബിജെപി കൂടിയായതോടെ സിബി ഐ എന്നും സിപിഎമ്മിന് പേടി സ്വപ്‌നമായി മാറും. കതിരൂര്‍ മനോജ് വധക്കേസിന് പിന്നാലെ ടി പി ചന്ദ്രശേഖന്‍ കേസും സി ബി ഐക്ക് കൈമാറുമെന്നാണ് സൂചനകള്‍. ഇതോടെ കൊലപാതക രാഷ്ട്രീം മുന്‍ നിര്‍ത്തി ബിജെപിക്ക് കേരളത്തില്‍ പിടിമുറുക്കാമെന്നും കണക്കുകൂട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മറ്റുരണ്ടും നേതാക്കളെക്കൂടി അറസ്റ്റ് ചെയ്യാനും സിപിഐ(എം) കൊലപാതകികളുടെയും ഗുണ്ടകളുടെയും പാര്‍ട്ടിയാക്കി ചിത്രീകരിക്കാനുമാണ് നീക്കം. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് കൂടി സിബിഐയെ ഏറ്റെടുത്താല്‍ കൂടുതല്‍ നേതാക്കള്‍ അകത്താകും. ഒരു സമയത്ത് സിപിഎമ്മിനെ ലക്ഷ്യമാക്കുമ്പോള്‍ തന്നെ മറുവശത്ത് കോണ്‍ഗ്രസിനെതിരെയുള്ള നീക്കവും സജീവമാണ്. ബാര്‍ കോഴ അടക്കമുള്ള ചില അഴിമതി കേസുകള്‍ ഏറ്റെടുക്കാന്‍ സിബിഐ ആലോചിക്കുന്നു എന്നാണ് സൂചന. ദേശീയ ഗെയിംസ് അഴിമതിയുടെ കേന്ദ്രഫണ്ട് വിനിയോഗം മാത്രമാണ് സിബിഐ ഇതുവരെ അന്വേഷണത്തിന് വിധേയമാക്കിയിട്ടുള്ളത്. സംസ്ഥാന ഫണ്ട് വിനിയോഗത്തില്‍ വന്‍ ക്രമക്കേട് നടന്നു എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് ദേസീയ ഗെയിംസ് അഴിമതി കൂടി ഏറ്റെടുത്താലോ എന്ന ആലോചന സജീവമാണ്. സിപിഎമ്മിനെ കൊലയാളികളുടെ പ്രതിയാക്കിയും കോണ്‍ഗ്രസിനെ അഴിമതിക്കാരുടെ പ്രതിയാക്കിയും ചിത്രീകരിച്ചാല്‍ ബദലായി ബിജെപി ഉയര്‍ത്തിക്കാട്ടാം എന്നാണ് ചിന്ത. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കത്തിന് കോണ്‍ഗ്രസും ബിജെപിയോട് ഒപ്പമുണ്ട്. കതിരൂര്‍ മനോജ് വധക്കേസ് സിബിഐ അന്വേഷണത്തിനെത്തിയത് അങ്ങനെയാണ്. ദേശീയ സുരക്ഷാ നിയമം ചുമത്തി ആഭ്യന്തരമന്ത്രി കാര്യങ്ങള്‍ എളുപ്പത്തിലാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ കണ്ണൂരില്‍ സിപിഐ(എം) നേതൃത്വത്തെ വേഗത്തില്‍ കുടുക്കാന്‍ ബിജെപിക്കായി. വരും ദിവസങ്ങളിലും കൂടുതല്‍ ശക്തമായ നിലപാട് പ്രഖ്യാപനങ്ങള്‍ ഈ വിഷയത്തില്‍ സിബിഐ നടത്തും. അരുവിക്കരയില്‍ ബിജെപി നേടിയ വോട്ടുകളാണ് ഈ പദ്ധതി വേഗത്തില്‍ നടപ്പാക്കാന്‍ തീരുമാനം. സിപിഐ(എം) അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഇത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് വന്‍തോതില്‍ വോട്ടുകള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. മുമ്പ് രക്തസാക്ഷി പരിവേഷം സിപിഐ(എം) അണികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ട് തന്നെ പ്രതികാര കൊലപാതകങ്ങളും അണികളെ സന്തോഷിപ്പിച്ചു. എന്നാല്‍ ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിലൂടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി രാപകല്‍ കഷ്ടപ്പെട്ട ടിപിയൊന്നത് സഖാക്കളെ മുഴുവന്‍ വേദനിപ്പിച്ചു. ഇതിന്റെ പ്രതിഫലനമായിരുന്നു നെയ്യാറ്റികര തെരഞ്ഞെടുപ്പിലെ തോല്‍വി. ഇപ്പോഴും അതിന്റെ അലകള്‍ സിപിഎമ്മിനെ വിട്ടു മാഞ്ഞിട്ടില്ല. സിപിഎമ്മിന്റെ എതിരാളികള്‍ കൊല്ലപ്പെടുമ്പോള്‍ വീണ്ടും ടിപി ചര്‍ച്ചകളില്‍ നിറയുന്നു. കതിരൂര്‍ മനോജും ഓര്‍മ്മപ്പെടുത്തിയത് ടിപിയുടെ ദാരുണ കൊലപാതകത്തെയാണ്. കണ്ണൂരില്‍ ഈയിടെയുണ്ടായ ബോംബ് സ്‌ഫോടനവും സിപിഎമ്മിന് പ്രതിച്ഛായാ നഷ്ടമുണ്ടാക്കി. കൊലപാത രാഷ്ട്രീയമാണ് സിപിഐ(എം) കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പിക്കാനാണ് സിബിഐയിലൂടെ ബിജെപിയും ലക്ഷ്യമിടുന്നത്. ഇതിലൂടെ ഉണ്ടാകുന്ന വോട്ട് ചോര്‍ച്ച തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടുമെന്നാണ് വിലയിരുത്തല്‍. നായര്‍ഈഴവ വോട്ട് ബാങ്കുകളാണ് സിപിഎമ്മിന്റെ പ്രധാന കരുത്ത്. ഈ വോട്ടുകളാണ് ബിജെപിയും കേരളത്തില്‍ ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. അതിനായി കൊലപാത രാഷ്ട്രീയ ചര്‍ച്ച പൊതുസമൂഹത്തില്‍ ഉയര്‍ത്താനാണ് നീക്കം.

 

Top