സിബിഐ അന്വേഷണം മുഖ്യമന്ത്രിയുടെ ചാരിറ്റബില്‍ ട്രസ്റ്റിലേക്കും; ഉമ്മന്‍ ചാണ്ടിയും ഉതുപ്പും തമ്മിലെന്ത് ബന്ധം?

CBI OMMENCHANDI
കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ഉതുപ്പ് വര്‍ഗീസ് ഇന്റര്‍പോള്‍ പിടിയിലായതോടെ ഉതുപ്പിന്റെ സാമ്പത്തിക വ്യവഹാരങ്ങളുടെ ദുരൂഹതകളും പുറത്താകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അടുത്ത വിശ്വസ്തനായ ഉതുപ്പിന്റെ സാമ്പത്തീക ഇടപാടുകള്‍ക്ക് പിന്നില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമുണ്ടെന്ന കണ്ടെത്തലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിനയാവുക. ഉതുപ്പിന്റെ സാമ്പത്തീക സ്‌ത്രോതസുകളും വിദേശ രാജ്യങ്ങളിലെ ബിസിനസുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമ്പോള്‍ സ്വാഭാവികമായി ഉമ്മന്‍ ചാണ്ടിയും സംശയത്തിന്റെ മുള്‍മുനയിലാകും.

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായാണ് മൈലക്കാട്ട് ഉതുപ്പ് വര്‍ഗീസ് അറിയപ്പെടുന്നത്. ഉമ്മന്‍ചാണ്ടി ചെയര്‍മാനായി പുതുപ്പള്ളിയില്‍ രൂപീകരിച്ച ആശ്രയ ട്രസ്റ്റിന്റെ ആറ് സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാള്‍. മറ്റ് നാലുപേര്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങളും പിഎമാരും. ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഉതുപ്പ് സ്ഥിരസാന്നിധ്യമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അല്‍ ശറഫയടക്കമുള്ള ഏജന്‍സികളിലൂടെ കുവൈത്തിലെത്തിയ 562 നേഴ്‌സുമാര്‍ക്ക് ജോലി കിട്ടാത്തതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. അതിനുശേഷമാണ് 1200 പേരെ കുവൈത്തിലേക്ക് കയറ്റിവിടാന്‍ അല്‍ ശറഫയ്ക്ക് അനുമതി ലഭിച്ചത്. നേഴ്‌സ് റിക്രൂട്ട്‌മെന്റ് അഭിമുഖത്തിന് കൊച്ചിയില്‍ പൊലീസ് സംരക്ഷണവും ഉമ്മന്‍ചാണ്ടി ഒരുക്കിക്കൊടുത്തു. കുവൈത്തിലെ കുഴപ്പങ്ങള്‍ ഒതുക്കിതീര്‍ക്കാന്‍ ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി രണ്ട് ഉന്നത ഉദ്യോഗസ്ഥരെ കുവൈത്തിലേക്ക് അയച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇവര്‍ കുവൈത്ത് ആരോഗ്യ ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തിയ മുറിക്ക് പുറത്ത് ഉതുപ്പുണ്ടായിരുന്നുവെന്ന് ജോലി നഷ്ടപ്പെട്ട നേഴ്‌സുമാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാല്‍ തനിക്ക് ഉതുപ്പുമായി യാതൊരു ബന്ധവുമില്ല എന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. അതേ സമയം ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം ഉതുപ്പ് എങ്ങിനെ പ്രധാന ഭാരവാഹിയായി എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് ഉത്തരമില്ല. സോളാര്‍ കേസിനു ശേഷം വീണ്ടും വന്‍ വിവാദങ്ങളിലേക്ക് മുഖ്യമന്ത്രി എത്തപ്പെടുന്ന മറ്റൊരു കേസുകൂടിയാകും നഴ്‌സിങ് തട്ടിപ്പ്

ഉതുപ്പ് വര്‍ഗീസിനെ ഇന്നലെയാണ് അബുദാബിയില്‍ അറസ്റ്റ് ചെയ്തത്. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയും യുഎഇയും തമ്മില്‍ കരാറുള്ളതിനാല്‍ ഉതുപ്പിനെ വിട്ടുകിട്ടാന്‍ പ്രയാസമുണ്ടാകില്ല. രാജ്യാന്തര നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഉതുപ്പിനെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇതിന് ആഴ്ചകള്‍ എടുക്കുമെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.

കുവൈത്തിലേക്ക് റിക്രൂട്ട്‌ചെയ്തതിന്റെ മറവില്‍ നേഴ്‌സുമാരില്‍നിന്ന് 300 കോടിയോളം രൂപ ഉതുപ്പ് തട്ടിയെടുത്തെന്നാണ് സിബിഐ കേസ്. ഉതുപ്പിന്റെ ഉടമസ്ഥതയിലുള്ള അല്‍ ശറഫ മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം കുവൈത്തിലേക്ക് റിക്രൂട്ട്‌ചെയ്ത ഓരോ നേഴ്‌സില്‍നിന്നും 20 ലക്ഷം രൂപവരെ തട്ടിയെടുത്തു. 19,000 രൂപയാണ് നിയമപ്രകാരമുള്ള കണ്‍സള്‍ട്ടന്‍സി ഫീസ്.

കൊച്ചിയിലെ മുന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് എല്‍ അഡോള്‍ഫസ് ഒന്നാംപ്രതിയായ കേസില്‍ ഉതുപ്പ് മൂന്നാംപ്രതിയാണ്. നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി ഉതുപ്പ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തള്ളി. വിദേശത്തുള്ള പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് ഉതുപ്പിന്റെ അറസ്റ്റിന് സിബിഐ നീക്കം തുടങ്ങിയത്.

സിബിഐ നല്‍കിയ അപേക്ഷയില്‍ ഇന്റര്‍പോള്‍ ഉതുപ്പിനു വേണ്ടി റെഡ് കോര്‍ണര്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായി ചേര്‍ന്നുള്ള ഗൂഢാലോചനവഴി അഴിമതി, വിദേശജോലിക്ക് പോകുന്നവരില്‍നിന്ന് അമിതതുക ഈടാക്കല്‍ തുടങ്ങി വിവിധ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. എം യു വര്‍ഗീസ്, ഉതുപ്പ് വര്‍ഗീസ്, വര്‍ഗീസ് ഉതുപ്പ് തുടങ്ങി പേരുകളില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ സിബിഐ നടത്തിയ ശ്രമം പേരിലെ അവ്യക്തതകൊണ്ട് രണ്ടുവട്ടം പാളി. വിലാസം കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐയുടെ അപേക്ഷ ഇന്റര്‍പോള്‍ തള്ളുകയായിരുന്നു. സിബിഐ ഇന്റര്‍പോളിന് കൈമാറിയ ഉതുപ്പിന്റെ രണ്ട് പാസ്‌പോര്‍ട്ടില്‍ ഒന്നില്‍ എം യു വര്‍ഗീസ് എന്നും മറ്റൊന്നില്‍ എം യു വറുഗീസ് എന്നുമായിരുന്നു പേര്. രണ്ടും ഒരാളാണെന്ന് വ്യക്തമാക്കി സിബിഐ വീണ്ടും നല്‍കിയ അപേക്ഷയിലാണ് ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചത്. 200 കോടിയുടെ തട്ടിപ്പിനാണ് ഇപ്പോള്‍ സിബി ഐ അറസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും കുരുക്ക് മുറുക്കുന്നതോടെ കൂടുതല്‍ കണക്കുകള്‍ വ്യാക്തമാകും

Top