കഥ പറയുമ്പോള്‍ അതില്‍ സന്ദേശവും കഥാകാരന് ദര്‍ശനവും വേണമെന്ന് ശിവത്രയത്തിലൂടെ ലോകമെങ്ങും വായിക്കപ്പെട്ട എഴുത്തുകാരന്‍ അമീഷ് ത്രിപാഠി. തത്ത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായി വായനക്കാരുമായി ആശയവിനിമയം നടത്താനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി ഡേവിഡ് ഹാളില്‍ നടന്ന തന്റെ പുതിയ പുസ്തകം സിയോണ്‍ ഓഫ് ഇക്ഷ്വാകുവിന്റെ കേരളാ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി സി ബുക്‌സും വെസ്റ്റ്‌ലാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പുരാണ ഇതിവൃത്തങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ അലിഞ്ഞു ചേര്‍ന്നവയും ത്രസിപ്പിക്കുന്നവയുമാണ്. ദൈവം കൂടെയുള്ളപ്പോള്‍ അതിന് തന്റേതായ പുതിയ അര്‍ത്ഥതലങ്ങള്‍ കിട്ടുന്നു. ഈ പുതിയ പരിവേഷം തന്റെ ഭാവനയില്‍ നിന്നാണ് ഉടലെടുക്കുന്നത്. ചരിത്രവും പുരാണവും അതിന് പാശ്ചാത്തലമേകുന്നു. നീണ്ട വായന പുതിയ ബിംബങ്ങള്‍ക്ക് രൂപം നല്‍കുന്നു. തന്റെ രചനയുടെ രീതികളെക്കുറിച്ച് വിശദമായി അമീഷ് സംസാരിച്ചു.
കഥയ്ക്ക് പ്രചോദനം ശിവശക്തിയും ചരിത്രവും പൂര്‍വ്വികരുമാണെന്ന് അമീഷ് പറഞ്ഞു. എഴുതാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിട്ടില്ലാത്ത തനിക്ക് വഴി കാട്ടിയത് ചരിത്രവും രാമായണവും മഹാഭാരതവും മറ്റു പുരാണങ്ങളുമാണ്. ആദ്യനോവല്‍ ഇരുപതോളം പ്രസാധകര്‍ തള്ളിക്കളഞ്ഞതാണെന്നും ശിവശക്തി പ്രവഹിച്ചപ്പോഴാണ് വെളിച്ചം കണ്ടതെന്നും അമീഷ് വ്യക്തമാക്കി.
രാാമായണത്തിന് തന്റേതായ പുതിയ വ്യാഖ്യാനം നല്‍കാനാണ് രാമചന്ദ്രപരമ്പരയിലൂടെ ശ്രമിക്കുന്നതെന്ന് അമീഷ് പറഞ്ഞു. ഇതിന്റെ ആദ്യ ചുവടുവെയ്പാണ് സിയോണ്‍ ഓഫ് ഇക്ഷ്വാകുവിലൂടെ നടത്തുന്നത്. അനുപമ എസ് വര്‍മ്മയാണ് അദ്ദേഹവുമായി സംവദിച്ചത്. പ്രൊഫ. രാമ ഭരത വര്‍മ്മ അദ്ദേഹത്തിന്റെ നോവലുകളെക്കുറിച്ച് സംസാരിച്ചു. രവി ഡി സി, മൃദുല ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.