തിരുവനന്തപുരം: സിനിമാസീരിയല്‍ നടി ശില്‍പയുടെ മരണം കൊലപാതകമാണെന്ന് ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയതോടെ സീരിയല്‍ താരത്തിന്റെ മരണത്തെ കുറിച്ചുള്ള ദുരൂഹതകള്‍ ഏറി. ശില്‍പയുടെ സുഹൃത്തുക്കളായ ആര്‍ഷയെയും ലിജിനെയും സംശയമുണ്ടെന്നാണ് മതാപിതാക്കളുടെ പരാതി.
ശില്‍പയുടെ അസ്വാഭാവിക മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഡിജിപിക്ക് പരാതി നല്‍കി. അതേസമയം, ശില്‍പയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശില്‍പയുടെ കാമുകന്‍ ലിജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുള്ളത്. ഒറ്റശേഖരമംഗലം സ്വദേശിയായ സ്റ്റുഡിയോ ജീവനക്കാരനായ സുഹൃത്ത് ഒളിവിലാണ്.
സംഭവത്തിനുശേഷം ഒളിവില്‍പോയ ഇയാള്‍ ശില്‍പയുടെ കാമുകന്‍ ആണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് തിരുവനന്തപുരം കരമനയാറ്റിലെ മരുതൂര്‍ കടവില്‍ ശില്‍പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലരാമപുരത്ത് പെരുന്നാള്‍ ആഘോഷത്തിന് സുഹൃത്തിനൊപ്പം പോയ ശില്‍പയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അച്ഛന്‍ ഷാജി പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും അച്ഛന്‍ ഷാജി പറഞ്ഞു. ശില്‍പയുടെ കവിളില്‍ അടിയേറ്റ പാടുള്ളതായി സുഹൃത്ത് ആര്‍ഷ പൊലീസിന് മൊഴി നല്‍കിയിരുന്നു. ശില്‍പയുടെ മൊബൈല്‍ ഫോണും കാണാതായിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ ബാഗിലെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.
ശില്‍പയോടൊപ്പം ഉണ്ടായിരുന്ന മൂന്നു പേരില്‍ ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയുമാണു പൊലീസ് ഇതുവരെ ചോദ്യം ചെയ്തത്. എന്നാല്‍ സംഘത്തിലെ മൂന്നാമനും ശില്‍പയുമായി അടുപ്പമുണ്ടെന്നു പറയപ്പെടുന്നതുമായ ആണ്‍കുട്ടി ഒളിവിലാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു മാതാപിതാക്കള്‍ ആരോപിച്ച പശ്ചാത്തലത്തില്‍ അന്വേഷണ ചുമതല ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ സുധാകരന്‍ പിള്ളയെ ഏല്‍പ്പിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ് അറിയിച്ചു. ഒളിവിലുള്ള വ്യക്തിയെക്കുറിച്ചു സൂചന കിട്ടിയെന്നും ഉടന്‍ പിടിയിലാകുമെന്നും ഡിസിപി: സജ്ഞയ് കുമാര്‍ പറഞ്ഞു.
സംഭവദിവസം രണ്ട് സുഹൃത്തുക്കളും കാമുകനെന്ന് സംശയിക്കുന്ന ഫോട്ടോഗ്രാഫറായ ഒറ്റശേഖരമംഗലം സ്വദേശിയായ യുവാവുമാണ് ശില്പയ്‌ക്കൊപ്പമുണ്ടായിരുന്നത്. കാമുകനായ യുവാവും ശില്പയുമായി മരുതൂര്‍ക്കടവില്‍ വച്ച് സംസാരമുണ്ടാവുകയും ഇതില്‍ പ്രകോപിതയായി ശില്പ ആറ്റിലേക്ക് ഇറങ്ങുകയായിരുന്നുവെന്നുമാണ് ഇവര്‍ മൊഴി നല്‍കിയതെന്ന് കരമന പൊലീസ് പറഞ്ഞു. , ആറ്റിലിറങ്ങിയ ശില്പയെ രക്ഷപ്പെടുത്താനുള്ള നീക്കം യുവാവിന്റെ ഭാഗത്തു നിന്നുണ്ടാകാതിരുന്നതാണ് സംശയമുയര്‍ത്തുന്നത്.
ശനിയാഴ്ച്ച ഉച്ചയ്ക്കു കൂട്ടുകാരിയോടൊപ്പം ബാലരാമപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ പോയതാണു ശില്‍പ. വൈകിട്ടോടെ കൂട്ടുകാരിയുടെ ഫോണ്‍ വന്നു. ശില്‍പ പിണങ്ങിപ്പോയെന്നും മൊബൈല്‍ ഫോണ്‍ തന്റെ കയ്യിലാണെന്നും അറിയിച്ചതായി ശില്‍പയുടെ മാതാപിതാക്കള്‍ പറഞ്ഞു. മൃതദേഹം കരമനയാറ്റില്‍ കണ്ടെന്ന വാര്‍ത്തയാണു പിന്നീടു കേട്ടത്. അതിനു മുന്‍പു ശില്‍പയും മറ്റു മൂന്നു പേരുമായി തര്‍ക്കം നടന്നതിനു ദൃക്‌സാക്ഷികളുണ്ടെന്നും തങ്ങളുടെ മൊഴി ഇതുവരെ പൊലീസ് രേഖപ്പെടുത്തിയില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു. മരുതൂര്‍ക്കടവു പാലത്തിനു സമീപം ശില്‍പയും രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമായിട്ടായിരുന്നു തര്‍ക്കം നടന്നതെന്ന് അവര്‍ പറഞ്ഞു.
ശില്പയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ സംഭവസ്ഥലത്തില്ലെന്നും പൊലീസ് പറയുന്നു. കൂട്ടുകാരിക്കൊപ്പം വെള്ളിയാഴ്ച പോകാനും ശില്പയുടെ പെരുമാറ്റത്തില്‍ യാതൊരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഞായറാഴ്ച ഗാനമേളയ്ക്ക് പോകുന്നതിനായി വസ്ത്രങ്ങളും ഒരുക്കി വച്ചിരുന്നു. മരുതൂര്‍ക്കടവില്‍ ശില്പയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ചൊവ്വാഴ്ച ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിനും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തെളിവെടുപ്പ് നടത്തി.
നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഷാജിസുമ ദമ്പതികളുടെ മകളാണ് ശില്പ. ബാലചന്ദ്രമേനോന്റെ പുതിയ സിനിമയിലാണ് അവസാനം അഭിനയിച്ചത്. ചന്ദനമഴ, പ്രണയം, സൗഭാഗ്യവതി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിനൊപ്പവും അഭിനയിച്ചിട്ടുണ്ട്.മൂന്ന് തമിഴ് സിനിമകളിലും അഭിനയിച്ചിരുന്നു.