ബെല്‍ഫാസ്റ്റ്: വര്‍ഷങ്ങളായി റെഡ്ബുള്‍ എനര്‍ജി ഡ്രിങ്ക് കുടിക്കുന്നത് ശീലമാക്കിയ യുവതിയുടെ കാഴ്ചശക്തി കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ടുകള്‍. ഏഴു ലിറ്റര്‍ എന്ന കണക്കില്‍, ദിവസവും 3,000 കലോറിയാണ് റെഡ്ബുള്ളിലൂടെ ഈ യുവതിയുടെ ശരീരത്തില്‍ എത്തിയിരുന്നത്. തലച്ചോറില്‍ നീര്‍ക്കെട്ട് ഉണ്ടാകാന്‍ ഇതു കാരണമായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരു ദിവസം ഭാരം 165 കിലോഗ്രാമില്‍ എത്തുകയും തുടര്‍ന്ന് തളര്‍ന്നുവീഴുകയുമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു ദിവസത്തോളം കട്ടിലില്‍ നിന്നു തലയുയര്‍ത്താന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഈ യുവതി.
വടക്കന്‍ അയര്‍ലന്‍ഡിലെ കൗണ്ടി ആന്‍ട്രിമം സ്വദേശിനിയായ ലെന ലുപാരി എന്ന 26കാരിയുടെ കാഴ്ചശക്തിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ദിവസവും 28 ബോട്ടില്‍ റെഡ്ബുള്‍ വരെ താന്‍ കുടിക്കുമായിരുന്നുവെന്ന് ലെന പറഞ്ഞു.
നേത്രഞരമ്പുകള്‍ക്ക് സംഭവിച്ച തകരാര്‍, കാഴ്ച ശക്തി കുറയാനും ഇടയാക്കി. ലെനയുടെ കാഴ്ചശക്തി പതുക്കെ പതുക്കെ കുറഞ്ഞുവരികയാണെന്നും മാസങ്ങള്‍ക്കുള്ളില്‍ അത് പൂര്‍ണമായും ഇല്ലാതാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്നു കുട്ടികളുടെ അമ്മയാണ് ലെന.