കാസര്‍കോട്:സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന എട്ടുവയസുകാരനെ മാനസിക രോഗി വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊന്നു. കല്ല്യോട്ട് ഗവ. ഹൈസ്‌കൂളിലെ മൂന്നാംക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ഫഹദ് ആണ് മരിച്ചത്. രാവിലെ ഒമ്പതുമണിക്ക് കല്യോട്ടിനടുത്ത് ശാന്തന്‍മുള്ളിലാണ് സംഭവം നടന്നത്.
അമ്പലത്തറ കണ്ണോത്തെ അബ്ബാസിന്റെയും ആയിഷയുടെയും മകനാണ് ഫഹദ്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണോത്തെ വിജയനെ നാട്ടുകാര്‍ പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിച്ചു. കുട്ടിയുടെ കഴുത്തിനാണ് വെട്ടേറ്റത്. സഹോദരിക്കും മറ്റുകുട്ടികള്‍ക്കുമൊപ്പം ഊടുവഴിയിലൂടെ നടന്നുപോകുകയായിരുന്നു ഫഹദ്. എന്റോസള്‍ഫാന്‍ ദുരിതബാധിതനായതിനാല്‍ കാലിന് മുടന്തുണ്ട്. അതിനാല്‍ മറ്റുള്ള കുട്ടികള്‍ക്ക് പിറകിലായാണ് ഫഹദ് നടന്നു നീങ്ങിയത്.
കാടുവെട്ടാനെന്ന വ്യാജേന വഴിയരികില്‍ നിന്നരുന്ന വിജയന്‍ പൊടുന്നനെ പിറകില്‍ നിന്ന് വെട്ടുകയായിരുന്നു. തലക്കാണ് വെട്ടേറ്റത്. സഹോദരി തടയാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ക്കുനേരെ തിരിഞ്ഞു. മുതിര്‍ന്ന മറ്റൊരുകുട്ടി വിജയനെ തള്ളിമാറ്റിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇതിനിടെ ഓടിപ്പോയ കുട്ടികള്‍ നാട്ടുകാരോട് വിവരം പറഞ്ഞു. നാട്ടുകാര്‍ വിജയനെ പിടിച്ച് കെട്ടിയിട്ട് പൊലീസിലറിയിച്ചു. ഫഹദ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
തെങ്ങ് കയറ്റത്തൊഴിലാളിയാണ് വിജയന്‍. ഏതാനും വര്‍ഷം മുമ്പ് റെയില്‍വേ പാളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചതിന് റെയില്‍വേ പൊലീസ് വിജയനെ അറസ്റ്റുചെയ്തിരുന്നു. അപ്പോള്‍തന്നെ വിജയന് മാനസിക വിഭ്രാന്തിയുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഗൗരവത്തിലെടുക്കാത്തതും ആവശ്യമായ ചികിത്സ നല്‍കാത്തതുമാണ് ഒരു കുട്ടിയുടെ ജീവനെടുത്ത സംഭവത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.