ന്യൂഡല്‍ഹി: രാജ്യത്തെ നിരവധി സ്‌ഫോടനകേസുകളില്‍ പ്രതിയായ ഹിന്ദുത്വ ഭീകരന്‍ സ്വാമി അസീമാനന്ദയ്ക്ക് ലഭിച്ച ജാമ്യത്തെ എന്‍.ഐ.എ എതിര്‍ക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍. ജാമ്യത്തെ എതിര്‍ക്കേണ്ട സാഹചര്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം സഭയില്‍ വ്യക്തമാക്കി. ഹിന്ദുത്വ തീവ്രവാദികള്‍ പ്രതികളായ കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോടതികളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് ബലം പകരുന്നതാണ് പുതിയ നീക്കം.
കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സംഝോത സ്‌ഫേടനക്കേസില്‍ സ്വാമി അസീമാനന്ദയ്ക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചത്. പഞ്ചാബ്, ഹരിയാന് ഹൈക്കോടതിയാണ് അസീമാനന്ദയ്ക്ക് ജാമ്യം അനുവദിച്ചത്. സംഝോത സ്‌ഫോടനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 2007 ഫെബ്രുവരി പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഝോത എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ ബോംബ് വച്ചു തകര്‍ത്തുവെന്നാണ് കേസ്. സംഭവത്തില്‍ പാക്ക് പൗരന്‍മാരടക്കം 68 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഈ കേസില്‍ അസീമാനന്ദയ്ക്ക് ലഭിച്ച ജാമ്യമാണ് കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കിയത്. അതേസമയം ജാമ്യം ലഭിച്ചുവെങ്കിലും മറ്റ് സ്‌ഫോടനക്കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ അസീമാനന്ദയ്ക്ക് ജയില്‍ മോചനം ലഭിച്ചിട്ടില്ല. മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയായ അസീമാനന്ദ അജ്മീര്‍ ഷെരീഫ്മെക്ക മസ്ജിദ് സ്‌ഫോടനക്കേസുകളിലും 2006ലെ മാലേഗാവ് സ്‌ഫോനക്കേസിലും 2007ലെ സംഝോത സ്‌ഫോടനക്കേസിലുമാണ് അന്വേഷണം നേരിടുന്നത്.