ന്യൂഡല്‍ഹി: രാജസ്ഥാനിലെ ദൗസയില്‍ കാറപകടത്തില്‍ കുട്ടി മരിച്ചത് പിതാവിന്റെ അശ്രദ്ധ മൂലമാണെന്ന ഹേമമാലിനിയുടെ പ്രസ്താവന ക്രൂരമായ അബദ്ധമാണെന്ന് കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ. അപകടത്തിനു ശേഷം ആദ്യമായിട്ടാണ് ഒരു ബി.ജെ.പി നേതാവ് ഹേമമാലിനിയെ വിമര്‍ശിക്കുന്നത്.കുട്ടിയെ റോഡിലുപേക്ഷിച്ച് ഹേമമാലിനിയെ രക്ഷപ്പെടുത്താനാണ് എല്ലാവരും ശ്രമിച്ചത്. അതു തെറ്റായി. ഹേമമാലിനിക്കു തെറ്റു പറ്റി. അതംഗീകരിക്കാന്‍ തയ്യാറാകണമെന്നും സുപ്രിയോ പറഞ്ഞു.
അപകടത്തില്‍ കുട്ടി മരിച്ചതില്‍ അതീവ ദുഃഖമുണ്ടെന്നും കുട്ടിയുടെ പിതാവ് ട്രാഫിക് നിയമങ്ങള്‍ പാലിച്ചിരുന്നെങ്കിലെന്ന് താന്‍ ആശിച്ചുപോകുകയാണെന്നും ഹേമമാലിനി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍, പ്രസ്താവന വിവാദമാകുകയും കുട്ടിയുടെ പിതാവ് ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു.
ഒരു എം പി കൂടിയായ ഹേമ മാലിനി നിലവാരമില്ലാത്ത അഭിപ്രായം പ്രകടിപ്പിക്കുന്നതില്‍ ദുഖമുണ്ട്. ഞാന്‍ ട്രാഫിക് നിയമം പാലിച്ചില്ലെന്നാണ് അവരുടെ വാദം അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഹനുമാന്‍ ഖണ്ഡേവല്‍ പറഞ്ഞു.
വലിയ ആള്‍ക്കാര്‍ക്ക് എന്തും എവിടെയും പറയാം. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഇവിടെ വന്ന് എന്നോട് പറയണം. ഞാന്‍ ലംഘിച്ച ഏതെങ്കിലും ട്രാഫിക് നിയമം അവര്‍ക്ക് പറയാം. അമിത വേഗത്തില്‍ കാറോടിച്ചോ, തെറ്റായ വഴിയായിരുന്നോ തന്റേത് , സീറ്റ് ബെല്‌റ്റ് ഇട്ടില്ലെന്നോ .. എന്തും പറയാം.ഞാന്‍ വളരെ പതുക്കെയാണ് കാറോടിച്ചിരുന്നത്. അവര്‍ അമിത വേഗതയിലും. എന്ത് കൊണ്ടാണ് അവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. കോട്‌വാലി പൊലീസില്‍ പരാതി നല്‌കിയിട്ടുണ്ട് ഹനുമാന്‍ ഖണ്ഡേവല്‍ പറഞ്ഞു.
ദൗസയിലെ അപകടത്തില്‍ കുട്ടി മരിച്ചതില്‍ അതീവ ദുഃഖമുണ്ടെന്നും കുട്ടിയുടെ പിതാവ് ട്രാഫിക് നിയമം പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും ബോളിവുഡ് താരവും ബിജെപി എംപിയുമായ ഹേമമാലിനി പറഞ്ഞു. അപകടമുണ്ടായി ഒരാഴ്‌ചയ്ക്കു ശേഷം ട്വിറ്ററിലൂടെയാണ് ഹേമമാലിനിയുടെ പ്രതികരണം പുറത്തുവന്നത്.
കുട്ടിയുടെ പിതാവ് ട്രാഫിക് നിയമങ്ങള്‍ പാലിച്ചിരുന്നെങ്കിലെന്നു താന്‍ ആശിക്കുകയാണ്. എങ്കില്‍ ഈ അപകടം ഉണ്ടാവില്ലായിരുന്നു. ആ കുഞ്ഞിന്‍െറ ജീവന്‍ രക്ഷിക്കാനും കഴിഞ്ഞേനെ. രാജസ്ഥാനിലെ ദൗസയില്‍ വച്ച് ഹേമമാലിനിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു കുട്ടി മരിക്കുകയും അഞ്ച് പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു.അപകടമുണ്ടായ ഉടനെ ഹേമമാലിനിയെ ആശുപത്രിയിലെത്തിക്കാനാണു തിരക്കുകാട്ടിയതെന്നും തങ്ങളെയും അതേസമയത്തു ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ മകള്‍ മരിക്കില്ലായിരുന്നെന്നും കുട്ടിയുടെ പിതാവ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. സംഭവത്തില്‍ ഹേമമാലിനിയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ജാമ്യത്തില്‍ വിടുകയായിരുന്നു.അതേസമയം, അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ഹേമമാലിനിയാണെന്നും ഡ്രൈവര്‍ അല്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ആരോപണമുണ്ട്.