തദ്ദേശ തിരഞ്ഞെടുപ്പ് നവംബറില്‍.ഒറ്റഘട്ടമായി രണ്ടു ദിവസങ്ങളിലായി വോട്ടെടുപ്പ്

 

തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നവംബര്‍ മാസത്തില്‍ നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തീയതി പിന്നീട് പ്രഖ്യാപിക്കും. 28 മുന്‍സിപ്പാലിറ്റികളെയും കണ്ണൂര്‍ കോര്‍പറേഷനെയും ഉള്‍പ്പെടുത്തികൊണ്ടായിരിക്കും തെരഞ്ഞെടുപ്പ്. ഒരു ഘട്ടമായി രണ്ടു ദിവസങ്ങളിലായി ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. മണ്ഡലകാലത്തിന് മുന്പായി നടത്താനുള്ള ശ്രമം നടത്താണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.മണ്ഡലകാലം ആരംഭിക്കുന്നത് പ്രധാന വിഷയമാണെന്നും കമ്മീഷന്‍ പറഞ്ഞു. പരമാവധി ഡിസംബര്‍ ഒന്നിന് തന്നെ പുതിയ ഭരണസമിതി നിലവില്‍ വരും. ചിലപ്പോള്‍ അതിന് മുന്‍പ് തന്നെ വരും. രണ്ടുദിവസമായി ഒറ്റഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. തെക്കും വടക്കുമായല്ല രണ്ടുഘട്ടം നിശ്ചയിച്ചിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലായാണ് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് തെരഞ്ഞെടുപ്പ് നവംബറില്‍ നടത്താനുള്ള തീരുമാനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചത്. പുതിയ 28 മുന്‍സിപ്പാലികളെയും കണ്ണൂര്‍കോര്‍പറേഷനെും അംഗീകരിക്കുമ്പോള്‍ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ഘടനയില്‍ മാറ്റം വരും. ഇതാണ് സമയം വൈകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കെ ശശിധരന്‍ നായര്‍ അറിയിച്ചു.

ആകെ തെരഞ്ഞെടുപ്പ് നടക്കുന്നത് – ഗ്രാമപഞ്ചായത്ത് – 941 , മുനിസിപ്പാലിറ്റി- 86, കോര്‍പ്പറേഷന്‍ – 6, ബ്ലോക്ക് – 152, ജില്ലാ പഞ്ചായത്ത് – 14. ഇതില്‍ 935 ഗ്രാമപഞ്ചായത്തിലും 122 ബ്ലോക്ക് പഞ്ചായത്തിലും 1 ജില്ലാ പഞ്ചായത്തിലും 4 കോര്‍പ്പറേഷനിലും 58 മുനിസിപ്പാലിറ്റിയിലും 2010 ലെ വാര്‍ഡുകള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടക്കും. ബാക്കിയുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പുതിയ വാര്‍ഡ് വിഭജനം അനുസരിച്ചും തെരഞ്ഞെടുപ്പ് നടക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ചു ലക്ഷത്തിലധികം പുതിയ വോട്ടര്‍മാരാണുള്ളത്. പ്രവാസികള്‍ക്ക് ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം.പോളിംഗ് തീയതി പുന:ക്രമീകരണം നോക്കി തീരുമാനിക്കും. പോളിംഗ് തീയതിക്ക് ഒരു മാസം മുന്പ് വിജ്ഞാപനം പുറപ്പെടുവിക്കും. വിഞ്ജാപനത്തിന് പത്ത് ദിവസം മുമ്പ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും. സമയബന്ധിതമായി മുന്നോട്ട് പോകും. പരാതി പറയാൻ അവസരം നൽകുമെന്നും ഡീലിമിറ്റേഷൻ കമ്മീഷൻ ബാധ്യത നിറവേറ്റുമെന്നും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കെ ശശിധരന്‍ നായര്‍ പറഞ്ഞു.

കമ്മീഷന് എല്ലാ പിന്തുണയും-ഉമ്മന്‍ ചാണ്ടി

തെരഞ്ഞെടുപ്പ് കമ്മീഷന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനുമായി അഭിപ്രായ വ്യത്യാസങ്ങളില്ല. ശബരിമല സീസണിന് മുമ്പ് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തീയതികളില്‍ തെരഞ്ഞെടുപ്പ് നടത്തണം. തെരഞ്ഞെടുപ്പിന് മുമ്പും ഒരു മാസം നീട്ടിയ ചരിത്രമുണ്ട്. ഇപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ എന്താണ് അന്ന് ഒന്നും പറയാതിരുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ സ്വീകരിക്കാനുള്ള നടപടികള്‍ ഇലക്ഷന്‍ കമ്മീഷനും അത് നടപ്പിലാക്കാന്‍ സഹായം ചെയ്യേണ്ടത് സര്‍ക്കാരുമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തീരുമാനം സ്വാഗതാര്‍ഹമെന്ന് മഞ്ഞളാംകുഴി അലി
നവംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുമെന്ന കമ്മീഷന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് മന്ത്രി മഞ്ഞളാം കുഴി അലി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ ചെയ്തിട്ടുള്ളതാണ്. തീരുമാനത്തെ നൂറ് ശതമാനവും പിന്തുണയ്ക്കുന്നു. കമ്മീഷന്റെ തീരുമാന പ്രകാരം നവംബര്‍ അവസാനത്തോടുകൂടി തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മണ്ഡലകാല തീര്‍ത്ഥാടനത്തിന് തടസമില്ലാത്ത വിധമാണ് തെരഞ്ഞെടുപ്പ് ക്രമീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്നും മഞ്ഞളാംകുഴി അലി തൃശൂരില്‍ പറഞ്ഞു.

ശബരിമലയെ ബാധിക്കില്ലെന്ന് സണ്ണി ജോസഫ്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തെ ബാധിക്കാത്ത രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാരിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ വിശദീകരിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ഇന്നു വിളിച്ച സർവകക്ഷി യോഗത്തിൽ സമവായമായില്ല. തിര‍ഞ്ഞെടുപ്പ് അടുത്ത മാസം വേണമെന്ന് എൽഡിഎഫും ബിജെപിയും ആവശ്യപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പ് നവംബറിൽ നടത്താമെന്ന് യുഡിഎഫ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവച്ച് പുതിയ 28 നഗരസഭകളും കണ്ണൂർ കോർപറേഷനും കൂടി ഉൾപ്പെടുത്തണമെന്ന സർക്കാർ ആവശ്യത്തിന്മേൽ കമ്മിഷനാണു തീരുമാനമെടുക്കേണ്ടതെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് 14നു ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതിനാൽ അതിനു മുൻപു തീയതി പ്രഖ്യാപിക്കണം.

സര്‍ക്കാരിന്റെ കുതന്ത്രങ്ങള്‍ക്ക് കമ്മീഷന്‍ വഴങ്ങിയെന്ന് കോടിയേരി

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അനിശ്ചിതാവസ്ഥ സൃഷ്ടിച്ച സര്‍ക്കാരിന്റെ കുതന്ത്രങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വഴങ്ങിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അനിശ്ചിതാവസ്ഥ തുടരുകയാണെങ്കില്‍ പാര്‍ട്ടി നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി

Top