അഞ്ച് ദിവസം കൊണ്ട് മുത്തൂറ്റിന് നഷ്ടം ആയിരം കോടിയിലേറെ; ഇടപാടുകള്‍ സ്തംഭിച്ചതോടെ പണയം വച്ചവര്‍ കുടുങ്ങി; സമരമൂലം മൂത്തൂറ്റ് ഫിനാന്‍സ് കടുത്ത പ്രതിസന്ധിയിലേയ്ക്ക്

തിരുവനന്തപുരം: മൂത്തൂറ്റ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആറാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ സമരം എങ്ങിനെ നേരിടണമെന്നറിയാതെ മൂത്തൂറ്റ് മാനേജ്‌മെന്റ് ആശങ്കയില്‍. ദിവസവും കോടികളുടെ നഷ്ടമാണ് മുത്തൂറ്റ് നേരിടേണ്ടിവരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  95 ലക്ഷത്തോളം ഇടപാടുകളും കാല്‍ ലക്ഷത്തോളം ജീവനക്കാരുമുള്ള വന്‍കിട സ്ഥാപനത്തിന്റെ  അഹങ്കാരവും മൂവായിരത്തോളം തൊഴിലാളികള്‍ സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത് പോരാട്ടവുമായി സമരം നയിക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പണമിടപാട് സ്ഥാപനം ഏറ്റവും വലിയ പ്രതിസന്ധിയിലാണ്.

ആയിരത്തോളം കോടി രൂപയുടെ നഷ്ടം ഈ ദിവസങ്ങളില്‍ സ്ഥാപനത്തിന് ഉണ്ടായെന്നാണ് ഏകദേശ വിലയിരുത്തല്‍. വിദേശത്തു നിന്നം മുത്തൂറ്റ് മണി ട്രാന്‍സ്ഫര്‍ വഴി പണം അയക്കുന്ന കാര്യം കൂടി പരിഗണിക്കുമ്പോള്‍ നഷ്ടത്തിന്റെ കണക്ക് അതിലും ഭീതിതമായ വിധത്തില്‍ ഉയരുകയും ചെയ്യും. ചുരുക്കത്തില്‍ തൊഴിലാളികള്‍ക്ക് മാന്യമായി ശമ്പളം നല്‍കാന്‍ മടിച്ച അവരുടെ ന്യായമായ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ മാനേജ്മെന്റ് ശരിക്കും വെട്ടിലാകുകയായിരുന്നു. ആറാം ദിവസവും സമരം തുടരുമ്പോള്‍ കേരളത്തിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ ബിസിനസ് പൂര്‍ണ്ണ സ്തംഭനാവസ്ഥയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയില്‍ എമ്പാടും മുത്തൂറ്റിന്റെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ തന്നെയാണ് മുത്തൂറ്റിന്റെ പ്രധാന ബിസിനസ് നടക്കുന്നത്. പ്രധാനമായും സ്വര്‍ണ്ണപ്പണയമാണ് നടക്കുന്നത്. തൊഴിലാളി സമരം കൊണ്ട് മുത്തൂറ്റ് ശാഖകള്‍ അടഞ്ഞു കിടക്കുമ്പോള്‍ പണ്ടങ്ങളുമായി പണയം വെക്കാന്‍ എത്തുന്നവര്‍ തന്നെ വിരളമാണ്. ബാങ്കിത സ്ഥാപനങ്ങളില്‍ മലയാളികള്‍ ഏറ്റവും അധികം ആശ്രയിക്കുന്നത് മുത്തൂറ്റ് ഫിനാന്‍സിനെ ആയിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ മുത്തൂറ്റിന്റെ ക്ഷീണം തങ്ങള്‍ക്ക് അവസരമാക്കി മറ്റ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ശ്രമിക്കുന്നു. മുത്തൂറ്റിലാകട്ടെ ബിസിനസ് നടക്കാത്ത അവസ്ഥയുമാണ്.

സമരം ഒത്തുതീര്‍പ്പാക്കാതെ മുത്തൂറ്റ് മാനേജ്മെന്റ് കടുംപിടുത്തം തുടരുമ്പോള്‍ ഏറ്റവും വട്ടം ചുറ്റുന്നത് ഇടപാടുകാര്‍ തന്നെയാണ്. താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി സ്വര്‍ണം പണയം വച്ചവര്‍ക്ക് ഇപ്പോള്‍ പണ്ടം തിരികെ എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഏത് സമയത്താണ് തങ്ങള്‍ക്ക് മുത്തൂറ്റില്‍ പണയം വെക്കാന്‍ തോന്നിയത് എന്നു പറഞ്ഞു കൊണ്ട് സ്വയം ശപിച്ചുകൊണ്ട് പോകുകയാണ് മുത്തൂറ്റില്‍ സ്വര്‍ണം പണയം വച്ചവര്‍. സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരോട് ഓഫീസ് തുറന്നാല്‍ തന്നെയും പുറത്തെ സമരത്തിന്റെ ഭാവം കണ്ട് ആരും പണയം വെക്കാനും വരുന്നില്ല. മിക്കയിടത്തും ഇതു തന്നെയാണ് സ്ഥിതി.

മുത്തൂറ്റ് സമരം വിനയായ മറ്റൊരു കൂട്ടര്‍ പ്രവാസികളാണ്. യുകെയിലും അമേരിക്കയിലുമുള്ള മലയാളികള്‍ നാട്ടിലേക്ക് പണമയക്കാന്‍ ഉപയോഗിക്കുന്ന മര്‍ഗ്ഗം മൂത്തൂറ്റിന്റെ മണി എക്സ്ചേഞ്ചാണ്. ഒരാഴ്ച്ച മുമ്പ് നാട്ടിലെ ആവശ്യങ്ങള്‍ക്കായി പണം അയച്ചിട്ടും സമരം കാരണം പണം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവരുടെ ബന്ധുക്കള്‍. മുത്തൂറ്റിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നുകൂടിയാണ് വിദേശനാണ്യ വിനിമയം. സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ ഏതാനും ദിവസങ്ങളായി യുഎഇ എക്സ്ചേഞ്ച് പേലുള്ള സ്ഥാപനങ്ങളെയാണ് ആശ്രയിക്കു്നത്. ഇത് മുത്തൂറ്റിനെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണ് വരുത്തിവച്ചത്. കമ്പനിയുടെ നഷ്ടത്തിനൊപ്പം തന്നെ ജീവനക്കാര്‍ക്കും ആശങ്കകളുണ്ട്. എന്നാല്‍, അന്യായമായ സ്ഥലംമാറ്റ നടപടി പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഉറപ്പിച്ച നിലയിലാണ് മുത്തൂറ്റ് ജീവനക്കാര്‍.

25,000 കോടിയുടെ വിറ്റുവരവുള്ള കമ്പനിയായിട്ടും പണിയെടുക്കുന്നതിന്റെ കൂലി തൊഴിലാളികള്‍ക്കു നല്‍കുന്നതില്‍ മുഖം തിരിച്ചിരിക്കുകയാണു മാനേജ്മെന്റ്. നേരത്തെ മൂന്നു ദിവസം പണിമുടക്കിയിട്ടും തൊഴിലാളികളോട് അനുഭാവപൂര്‍ണമായ നടപടി സ്വീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ല. തൊഴിലാളികളുടെ പരാതി തൊഴില്‍ വകുപ്പിനു ലഭിച്ചതോടെ ഒടുവില്‍ മന്ത്രി വരെ ഇടപെടുകയുണ്ടായി. എന്നിട്ടും മാനേജ്മെന്റ് കടുംപിടുത്തം തുടര്‍ന്നു. ഇതോടെയാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയത്. സംഘടനാ സ്വാന്ത്ര്യം അനുവദിക്കുക, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, അന്യായമായ സ്ഥലമാറ്റങ്ങള്‍ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ മൂന്ന് മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്.

Top