തിരുവനന്തപുരം: ഇടതുസർക്കാറിെൻറ മദ്യനയത്തിെൻറ ഭാഗമായി സംസ്ഥാനത്ത് ഇന്നുമുതൽ ബാറുകൾ പ്രവർത്തിച്ചുതുടങ്ങും. ജൂലൈ ഒന്നുമുതലാണ് മദ്യനയം നിലവിൽവന്നതെങ്കിലും ശനിയാഴ്ച ഡ്രൈഡേ ആയതിനാലാണ് ഞായറാഴ്ച ബാറുകൾ തുറക്കുന്നത്. അതേസമയം പുതിയ മദ്യനയത്തിെൻറ ഭാഗമായി ശനിയാഴ്ച 23 ത്രീ സ്റ്റാർ -ഫോർ സ്റ്റാർ ബാറുകൾക്കും കൂടി എക്സൈസ് ലൈസൻസ് നൽകി. ഇതോടെ പ്രവർത്തനാനുമതി നൽകിയ ബാറുകളുടെ എണ്ണം 76 ആയി.
ഇതിനുപുറമെ 24 ഫൈവ് സ്റ്റാർ ബാറുകളും കൂടി പ്രവർത്തിക്കുന്നതോടെ ഇന്ന് നൂറോളം ബാറുകളിലാണ് മദ്യം വിളമ്പുക. നേരത്തേ 23 ഫൈവ് സ്റ്റാർ ബാറുകൾക്കാണ് ലൈസൻസ് നൽകിയിരുന്നതെങ്കിലും വെള്ളിയാഴ്ച ആലപ്പുഴയിലെ ഒരു ഹോട്ടലിനും കൂടി ലൈസൻസ് നൽകിയിരുന്നു. ശനിയാഴ്ച രാത്രിവരെ നാല് അപേക്ഷകൾകൂടി എക്സൈസ് വകുപ്പിന് മുന്നിലുണ്ട്.
ഏറ്റവും കൂടുതൽ ബാറുകൾ തുറക്കുന്നത് എറണാകുളത്താണ്. ഇവിടെ ലഭിച്ച 21 അപേക്ഷകളിൽ ഇരുപതിനും എക്സൈസ് അനുമതി നൽകിയിട്ടുണ്ട്. തൊട്ടുപുറകിൽ തിരുവനന്തപുരമാണ്. തലസ്ഥാനത്ത് 13 അപേക്ഷകളിൽ 11 എണ്ണത്തിനും പ്രവർത്തനാനുമതി ലഭിച്ചു. സ്റ്റാർ പദവി ലഭിക്കാത്തതിനാൽ പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഒറ്റ ബാറും തൽക്കാലം പ്രവർത്തിക്കില്ല. അതേസമയം ഇടുക്കിയിൽ ശനിയാഴ്ച ഒരു ബാറിനും കൂടി പ്രവർത്തനാനുമതി നൽകി.
2014 മാർച്ച് 31 വരെ ബാർ പ്രവർത്തിച്ചതും ത്രീ സ്റ്റാറിന് മുകളിൽ നക്ഷത്രപദവിയുള്ളതുമായ ഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് പുതുക്കിനൽകുന്നത്. പുതിയ മദ്യനയം അനുസരിച്ച് സംസ്ഥാനത്ത് ത്രീ, ഫോർ സ്റ്റാർ പദവി ലഭിച്ചതും ദേശീയ സംസ്ഥാനപാതകളിൽനിന്ന് 500 മീറ്റർ അകലത്തിൽ പ്രവർത്തിക്കുന്നതുമായ 158 ഹോട്ടലുകൾ ഉണ്ടെന്നാണ് എക്സൈസ് വകുപ്പ് കരുതിയിരുന്നത്. എന്നാൽ, ഇടതു സർക്കാറിെൻറ പുതിയ മദ്യനയം എന്തെന്ന് അറിയാത്തതിനാൽ പല ബാറുകാരും നക്ഷത്രപദവി പുതുക്കുന്നതിന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നില്ല. അഞ്ചുവർഷമാണ് സ്റ്റാർ പദവിയുടെ കാലാവധി. നിലവിൽ ലൈസൻസ് ലഭിക്കുന്നതിനെക്കാളും വിഷമകരമാണ് പുതുക്കി ലഭിക്കുന്നതിന്. അപേക്ഷ നൽകിയവരുടെതാകട്ടെ പരിശോധന കഴിഞ്ഞ് കിട്ടിയിട്ടുമില്ല.
പരിശോധന കഴിഞ്ഞ് വരുന്ന മുറക്ക് ബാറുകളുടെ എണ്ണം പ്രതീക്ഷിച്ച സംഖ്യയിലേക്ക് എത്തുമെന്നാണ് സർക്കാറിെൻറ നിഗമനം. വെള്ളിയാഴ്ചവരെ കള്ളുഷാപ്പ് ലൈസൻസിനായി അപേക്ഷിച്ച 2528 എണ്ണത്തിൽ 2112 അപേക്ഷയും അംഗീകരിച്ചിട്ടുണ്ട്. ഒരോ ജില്ലയിലും പ്രവർത്തനാനുമതി നൽകിയ ബാറുകളുെട എണ്ണവും ബ്രാക്കറ്റിൽ കിട്ടിയ അപേക്ഷകളും: തിരുവനന്തപുരം -11 (13) കൊല്ലം -3 (3) ആലപ്പുഴ -2 (2) എറണാകുളം- 20 (21) കോട്ടയം- 6 (7) തൃശൂർ-9 (9) പാലക്കാട്-6 (6) മലപ്പുറം-4 (4) കോഴിക്കോട്-5 (5) കണ്ണൂർ-8 (8) വയനാട്-2 (2) ഇടുക്കി -1 (1)