സ്‌പോട്‌സ് ഡെസ്‌ക്
അർജന്റീനയോ ചിലിയോ.. നൂറ്റാണ്ടിന്റെ കോപ്പയുടെ കപ്പുയർത്തുന്നതാരെന്നറിയാനുള്ള ഫൈനൽ എക്‌സ്ട്രാ ടൈമും കടന്ന് ഷൂട്ട് ഔട്ടിലേയ്ക്ക്. കളി കാര്യവും കയ്യാങ്കളിയുമായ മത്സരത്തിൽ ചിലിയുടെയും അർജന്റീനയുടെയും ഓരോ താരങ്ങൾ വീതം ആദ്യ പകുതിയിൽ തന്നെ ചുവപ്പു കണ്ടു പുറത്തായ കളിയിൽ നിർദഷ്ട സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ഗോളടിക്കാൻ സാധിച്ചില്ല. ഇതേ തുടർന്നാണ് കളി ഷൂട്ടൗട്ടിലേയ്ക്കു നീണ്ടത്.
ആക്രമണങ്ങളെ പരുക്കൻ അടവുകൾ കൊണ്ടു പ്രതിരോധിക്കാൻ ചിലിയും, പരുക്കൻ അടവുകൾക്കു അതേ നാണയത്തിൽ മറുപടി നൽകി അർജന്റീനയും കളത്തിൽ നിറഞ്ഞതോടെയാണ് റഫറിക്കു പോക്കറ്റിലെ കാർഡുകൾ പുറത്തെടുക്കേണ്ടി വന്നത്. പെനാലിറ്റി ബോക്‌സിൽ വീണ് അഭിനയിച്ചതിനു മെസിക്കും, ചിലിയുടെ സൂപ്പർ താരം വിദാലിനും കിട്ടി മഞ്ഞക്കാർഡ്.
രണ്ടം മഞ്ഞക്കാർഡ് കിട്ടി ചിലിയുടെ മാഴ്‌സലോ ഡയസ് ആദ്യം പുറത്തു പോയപ്പോൾ, നേരിട്ടു ചുവപ്പു വാങ്ങിയാണ് അർജന്റീനയുടെ മാർക്കോസ് റോജോ പുറത്തായത്. മെസി, മഷരാനോ എന്നിവർ അർജന്റീനൻ നിരയിൽ മഞ്ഞ കണ്ടപ്പോൾ ചാർളി അരഗൂനാസ്, ജീൻ ബിയൂസ്‌ജെറോ, ആർദുറോ വിദാൽ എന്നിവർ ചിലിയൻ നിരയിലും മഞ്ഞ കണ്ടു.
അർജന്റീന 11 ഷോട്ടുകൾ പോസ്റ്റിനെ ലക്ഷ്യം വച്ചെങ്കിലും ഒന്നു പോലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.