
യുപിയില്‍ ക്രമസമാധാനം ശക്തമാക്കുന്നതിനുള്ള ഉറച്ച് തീരുമാനങ്ങളുമായി മുഖ്യമന്ത്രി ആദിത്യനാഥ്. സേനയ്ക്കുള്ള കര്‍ശന നിര്‍ദേശത്തിനു പിന്നാലെ ക്രമക്കേട് നടത്തിയ നൂറില്‍ അധികം പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയാണ് തന്റെ രീതി വെളിവാക്കിയിരിക്കുന്നത്. ഗാസിയാബാദ്, മീററ്റ്, നോയിഡ എന്നിവിടങ്ങളിലെ പൊലീസുകാരെയാണ് കൂടുതലായും സസ്‌പെന്‍ഡ് ചെയ്തത്. ലക്‌നൗവില്‍ ഏഴ് ഇന്‍സ്െപക്ടര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനു മുന്തിയ പരിഗണന നല്‍കുമെന്നു യോഗി ആദിത്യനാഥ് ആദ്യമേതന്നെ വ്യക്തമാക്കിയിരുന്നു.
പൊലീസുകാരിലെ വിഷവിത്തുകളെ കണ്ടെത്താന്‍ ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ ഡിജിപി ജാവേദ് അഹമ്മദ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സസ്‌പെന്‍ഷന്‍ ഉത്തരവു പുറത്തിറങ്ങിയിരിക്കുന്നത്. ഡിജിപിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തവരില്‍ കൂടുതല്‍പ്പേരും കോണ്‍സ്റ്റബിള്‍ റാങ്കില്‍ ഉള്ളവരാണെന്ന് യുപി പൊലീസ് പിആര്‍ഒ രാഹുല്‍ ശ്രീവാസ്തവ അറിയിച്ചു.
എസ്പി, ബിഎസ്പി ഭരണത്തില്‍ കുത്തഴിഞ്ഞുകിടന്ന ഉത്തര്‍പ്രദേശിലെ ക്രമസമാധാനനില മെച്ചപ്പെടുത്താനുള്ള പ്രഖ്യാപിത ശ്രമത്തിലാണ് പുതിയ മുഖ്യമന്ത്രി. തിരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തിറക്കിയ ബിജെപി പ്രകടനപത്രികയില്‍ നല്‍കിയ ഉറപ്പുപ്രകാരമാണു ക്രമസമാധാന പാലനത്തിനു സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചിരുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഇടപെട്ടു പൊലീസിന്റെ സേവനം മുഖ്യമന്ത്രി ഉറപ്പാക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കഴിഞ്ഞ ദിവസം ലക്‌നൗവിലെ ഹസ്‌റത്ത്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും ആശുപത്രികളിലും പാന്‍മസാലയും പുകയില ഉല്‍പന്നങ്ങളും നിരോധിച്ചതുള്‍പ്പെടെ ഭരണതലത്തില്‍! കര്‍ശന നടപടികളാണു ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കിവരുന്നത്. സംസ്ഥാനത്തെ അറവുശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിനു രൂപരേഖ തയാറാക്കാനും പശുക്കളുടെ കള്ളക്കടത്തു കര്‍ശനമായി തടയാനും അദ്ദേഹം ഉത്തരവിട്ടിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ പ്ലാസ്റ്റിക് നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്.