സിനിമാ ഡെസ്‌ക്
കൊച്ചി: മലയാള സിനിമയിൽ ആയിരം കോടി നിക്ഷേപിക്കാനും സിനിമാ വ്യവസായത്തെ തന്നെ പിടിച്ചെടുക്കാൻ ആയിരം കോടിയുടെ കള്ളപ്പണ നിക്ഷേപവുമായി ദുബായ് കേന്ദ്രീകരിച്ചുള്ള കമ്പനി രംഗത്ത് എത്തിയതായി സൂചന. കേരളത്തിനും, ഇന്ത്യയ്ക്കും പുറത്തും മലയാള സിനിമ റിലീസ് ചെയ്യുന്നതിന്റെ പേരിലാണ് ഇപ്പോൾ ദുബായ് കേന്ദ്രീകരിച്ചുള്ള കമ്പനി ആയിരം കോടി സിനിമയിൽ മുടക്കാനൊരുങ്ങുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ 300 കോടി രൂപ മലയാള സിനിമയിൽ നിക്ഷേപിച്ചിരുന്നു. സിനിമയിലെ രണ്ടു പ്രമുഖ നിർമ്മാതാക്കളെ ബിനാമിയാക്കിയാണ് രണ്ടു തവണയും പണം നിക്ഷേപിച്ചത്. ഇത് വിജയമാണെന്നു കണ്ടതോടെയാണ് ആയിരം കോടി രൂപ കമ്പനി വീണ്ടും നിക്ഷേപിക്കാനൊരുങ്ങുന്നത്.
എന്നാൽ, ഇത്തരത്തിൽ നിക്ഷേപം നടത്തുന്നതിനു പിന്നിൽ ദാവൂദ് ഇബ്രാഹിമിന്റെ ഡീ കമ്പനിയാണോ എന്ന സൂചനയും ഉയർന്നിട്ടുണ്ട്. മലയാള സിനിമയിലെ ഉന്നത താരങ്ങൾ അടക്കമുള്ളവർക്കു ഡി കമ്പനിയുമായി ബന്ധമുണ്ടെന്നു നടിയെ ആക്രമിച്ച കേസിനു പിന്നാലെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിനു പിന്നാലെ പൊലീസ് സിനിമാ മേഖലയിലെ പ്രമുഖരുടെയെല്ലാം സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. എന്നാൽ, എല്ലാം പാതിവഴിയിൽ നിലക്കുകയായിരുന്നു.
കോടികൾ വാരിപ്പടങ്ങളുടെ സ്വന്തം ആളായ മലയാളത്തിലെ പ്രമുഖ നിർമ്മാതാവിന്റെയും, നിർമ്മാണ കമ്പനിയുടെയും ബാനറിലാണ് ഇതുവരെ ഈ കമ്പനി 300 കോടി മുടക്കിയിരിക്കുന്നത്. ഇത് ഏതൊക്കെ ചിത്രങ്ങൾക്കു വേണ്ടിയാണെന്ന വിവരം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുമുണ്ട്. വരും ദിവസങ്ങളിൽ ഇതിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്നാണ് സൂചന.