കാണ്‍പൂര്‍: സൈന്യത്തിനെതിരെ കാശ്മീരിലെ പ്രതിഷേധക്കാരുടെ കല്ലേറ് തടയാനും തിരിച്ച് കല്ലെറിയാനും ട്രക്ക് നിറയെ കല്ലുകളുമായി ആയിരം സന്യാസിമാര്‍ കശ്മീരിലേക്ക്.
കാണ്‍പൂര്‍ ആസ്ഥാനമായുള്ള ജന്‍സേന എന്ന മതസംഘടനയിലെ ആയിരം പേരാണ് കശ്മീരിലേക്ക് പോകുന്നത്.ഇവര്‍ ഞാറായറാഴ്ച കശ്മീരിലേക്ക് തിരിക്കുമെന്ന് ജന്‍സേന സ്ഥാപകന്‍ ബാല്‍യോഗി അരുണ്‍ പുരി ചൈതന്യ മഹാരാജ് പറഞ്ഞു. 100 കാറുകളിലും മൂന്ന് ബസുകളിലുമായായിരിക്കും സന്യാസിമാര്‍ പോവുക.
ഇതോടൊപ്പം ഒരു ട്രക്ക് നിറയെ കല്ലുകളും കൊണ്ടുപോകുമെന്നും സൈന്യത്തിന് നേരെ കല്ലെറിയുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും അരുണ്‍ പുരി കൂട്ടിച്ചേര്‍ത്തു.
ജവാന്മാരുടെ ആത്മധൈര്യം വര്‍ധിപ്പിക്കുന്നതിന് തങ്ങളെ കശ്മീരിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുമതി തേടിയിരുന്നെന്നും എന്നാല്‍ ഇതിന് അനുവാദം കിട്ടിയില്ലെന്നും ജന്‍സേന സ്ഥാപകന്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും ഇവര്‍ക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്.
രണ്ട് ഇന്ത്യന്‍ സൈനികരെ പാക്കിസ്ഥാന്‍ കൊലപ്പെടുത്തിയ കൃഷ്ണഗതിയില്‍ 500 വോളന്റിയര്‍മാരെ സംഘം എത്തിക്കും. ഇവരെ അതിര്‍ത്തിയില്‍ സൈനികരുടെ മുന്നില്‍ നിര്‍ത്തണമെന്ന് സൈന്യത്തോട് ആവശ്യപ്പെടും. അങ്ങനെയാണെങ്കില്‍ സൈനികരുടെ വീരമൃത്യു ഒഴിവാക്കാനാവും.
സൈനികര്‍ക്കു വേണ്ടി ജീവത്യാഗം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും കുടുംബങ്ങളില്ലാത്തതിനാല്‍ തങ്ങളെയോര്‍ത്ത് ആരും കരയില്ലെന്നും അരുണ്‍ പുരി പറഞ്ഞു. തങ്ങളെ തടഞ്ഞാല്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് കശ്മീരിലേക്ക് പോകുമെന്നും ജന്‍സേന നേതാവ് പറഞ്ഞു.