മ്യൂണിക്: ബ്യുണ്ടസ് ലീഗിലെ വോള്‍ഫ്‌സ്‌ബെര്‍ഗിനെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങുമ്പോള്‍ ബയേണ്‍ മ്യൂണിക്ക് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി പോലും കരുതിയിരിക്കില്ല തന്റെ കരിയറിലെ അദ്ഭുത പ്രകടനമായിരിക്കും ഇന്ന് പിറക്കാനിരിക്കുക എന്ന്. അത്രമാത്രം അവിശ്വസനീയമായിരുന്നു ലെവന്‍ഡോവ്‌സ്‌കിയുടെ പ്രകടനം. വെറും ഒമ്പതു മിനിറ്റുകൊണ്ട് അഞ്ചു ഗോളുകളാണ് ഈ ഇരുപത്തേഴുകാരന്‍ വോള്‍ഫ്‌സ്‌ബെര്‍ഗ് പോസ്റ്റില്‍ നിറച്ചത്.
ഡാനിയേല്‍ കാലിഗ്വിരി 26ാം മിനിറ്റില്‍ നേടിയ ഗോളിന്റെ ബലത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുകയായിരുന്നു വോള്‍ഫ്‌സ്ബര്‍ഗ്. എന്നാല്‍ ലെവന്‍ഡോവ്‌സ്‌കി മിന്നിത്തിളങ്ങിയ 9 മിനിറ്റുകളില്‍ കളി വോള്‍ഫ്‌സില്‍ നിന്നും പൂര്‍ണമായും കൈവിട്ടുപോവുകയായിരുന്നു. കളിയവസാനിക്കുമ്പോള്‍ 51 ന്റെ തോല്‍വിയായിരുന്നു വോള്‍ഫ്‌സിനെ കാത്തിരുന്നത്.
ആദ്യ പകുതിയ്ക്ക് ശേഷം തിയാഗോയ്ക്ക് പകരമാണ് ലെവന്‍ഡോവ്‌സ്‌കി കളത്തിലെത്തിയത്. കളത്തിലിറങ്ങി ആറാം മിനിറ്റില്‍ തന്നെ ലെവന്‍ഡോവ്‌സ്‌കി സ്‌കോര്‍ ചെയ്തു. 51ാം മിനിറ്റില്‍ നേടിയ ആദ്യ ഗോളിന് പിന്നാലെ ലെവന്‍ഡോവ്‌സ്‌കിയുടെ കാലില്‍ നിന്ന് ഗോള്‍ പെരുമഴയായിരുന്നു. 52, 55, 57, 60 മിനിറ്റുകളിലായി ലെവന്‍ഡോവ്‌സ്‌കിയുടെ കാലില്‍ നിന്ന് ഇടതടവില്ലാതെ ഗോളുകള്‍ പാഞ്ഞുകൊണ്ടിരുന്നു. ബ്യുണ്ടസ് ലീഗ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡും പോളിഷ് താരം സ്വന്തമാക്കി.