![](https://dailyindianherald.com/wp-content/uploads/2016/02/kerala-cab.jpg)
രാഷ്ട്രീയ ലേഖകന്‍
കൊച്ചി: ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ പതിനൊന്നുു മന്ത്രിമാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിച്ചാല്‍ പരാജയപ്പെടുമെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ധനമന്ത്രിയായിരുന്ന കെ.എം മാണിയും, മന്ത്രി കെ.ബാബുവും, ആര്യാടന്‍ മുഹമ്മദും അടക്കമുള്ളവര്‍ക്കെതിരെയാണ് ഇപ്പോള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചതും സര്‍ക്കാരിനെതിരായ ആരോപണങ്ങളുമാണ് ഈ മന്ത്രിമാരുടെ പരാജയത്തിലേയ്ക്കു നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നിലവിലെ സര്‍ക്കാരിലെ മന്ത്രിമാരുടെ വിജയസാധ്യത സംബന്ധിച്ചു പഠനം നടത്തുന്നതിനായി ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്റലിജന്‍സ് ഏജന്‍സി പഠനം നടത്തിയത്. ഓരോ നിയോജക മണ്ഡലത്തിലെയും സാധ്യതകളും സാഹചര്യങ്ങളും തയ്യാറാക്കിയായിരുന്നു പഠനം. ഇതിന്റെ അടിസ്ഥാതനത്തില്‍ ഓരോ നിയോജക മണ്ഡലങ്ങളിലും രണ്ടു വ്യത്യസ്ത രീതിയിലുള്ള പഠനമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയത്. ഈ നിയോജക മണ്ഡലങ്ങളുടെ ചാര്‍ജ് വഹിക്കാത്ത, മറ്റൊരു ഓഫിസില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പഠനം. വ്യത്യസ്ത പഠനം നടത്തുന്നതിനായി പരസ്പരം അറിയാത്ത രണ്ട് സംഘങ്ങളെ കണക്കെടുക്കുന്നതിനായി നിയോഗിക്കുകയായിരുന്നു.
മുന്‍ മന്ത്രി കെ.എം മാണി, മന്ത്രിമാരായ കെ.ബാബു, അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍, സി.എന്‍ ബാലകൃഷ്ണന്‍, ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, ആര്യാടന്‍ മുഹമ്മദ്, കെ.പി മോഹനന്‍, കെ.സി ജോസഫ്, പി.കെ ജയലക്ഷ്മി എന്നിവരെയാണ് പരാജയം കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാര്‍ കോഴ ആരോപണത്തില്‍ കുടുങ്ങി രാജി വച്ച കെ.എം മാണിക്കു മണ്ഡലത്തില്‍ നിന്നു ഭീകരമായ വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പഠനം നടത്തിയ രണ്ടു സംഘങ്ങളും അയ്യായിരത്തില്‍ താഴെ വോട്ടിനു മാണി പരാജയപ്പെടുമെന്ന റിപ്പോര്‍ട്ടുകളാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് മരുമകളെ മത്സരിപ്പിച്ചു പ്രതിഛായ രക്ഷിക്കാന്‍ കെ.എം മാണി പദ്ധതി ആലോചിച്ചതും.
എസ്എന്‍ഡിപി – ബിജെപി സഖ്യം വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന മണ്ഡലങ്ങളില്‍ ഒന്നാണ് മന്ത്രി കെ.ബാബുവിന്റെ തൃപ്പൂണിത്തുറ. എസ്എന്‍ഡിപിയുടെ വോട്ടിന്റെ ബലത്തിലാണ് മുന്‍ തവണകളില്‍ ബാബു വിജയിച്ചിരുന്നത്. ഇത്തവണ ബാബുവിനു എസ്എന്‍ഡിപി വോട്ട് ലഭിക്കില്ലെന്നും ഇത് ബിജെപിക്കു വിഭജിച്ചു പോകുന്നതിനാല്‍ പരാജയമാണ് ബാബുവിനെ കാത്തിരിക്കുന്നതെന്നും ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, മറ്റൊരു സംഘം നടത്തിയ പഠത്തില്‍ രണ്ടായിരത്തില്‍ താഴെ വോട്ടിനു ബാബു വിജയിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മന്ത്രി കെ.സി ജോസഫിനും, സി.എന്‍ ബാലകൃഷ്ണനും കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുകളാണ് പാകയാകുന്നത്. ഇതേ തുടര്‍ന്നു രണ്ടു പേര്‍ക്കും പരാജയമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഭരണത്തിനെതിരെയുണ്ടായ ആരോപണങ്ങളും, മണ്ഡലങ്ങളില്‍ ശ്രദ്ധിക്കാതിരുന്നതുമാണ് ബാക്കിയുള്ള മന്ത്രിമാരുടെ പരാജയ കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മന്ത്രിമാരില്‍ പലരും അഞ്ചു വര്‍ഷത്തിനിടെ വിരലിലെണ്ണാവുന്ന തവണ മാത്രമാണ് മണ്ഡലത്തിലെത്തിയതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, കുഞ്ഞാലിക്കുട്ടിയും, പി.ജെ ജോസഫും, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും 25,000 വോട്ടിനു മുകളിലുള്ള ഭൂരിപക്ഷമാണ് രണ്ടു സര്‍വേകളും പ്രവചിക്കുന്നത്. ബാക്കിയുള്ള മന്ത്രിമാര്‍ മത്സരിച്ചാല്‍ 10000 മുതല്‍ 15000 വരെ വോട്ടിന്റെ ഭൂരിപക്ഷവും പ്രവചിക്കുന്നുണ്ട്.