പതിനൊന്ന് പാർലമെന്റ് സീറ്റ്; 80 നിയമസഭാ സീറ്റ്; ക്രൈസ്തവ സഭകളുമായി അടുപ്പം: കേന്ദ്ര നേതൃത്വത്തിനു കുമ്മനം നൽകിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത് കേരളത്തിലെ ബിജെപിയുടെ തന്ത്രങ്ങൾ

പൊളിറ്റിക്കൽ ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ 11 പാർലമെന്റ് സീറ്റുകളും 80 നിയമസഭാ സീറ്റുകളും വിജയിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ ബിജെപി പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. സംസ്ഥാനത്ത് ബിജെപിയുടെ ഘട്ടംഘട്ടമായ വളർച്ചയ്‌ക്കൊപ്പം എൻഡിഎയിലേയ്ക്കു കൂടുതൽ കക്ഷികളെ ഉൾപ്പെടുത്തുന്നതു വരെയുള്ള തന്ത്രങ്ങൾ തയ്യാറാക്കിയ റിപ്പോർട്ടാണ് ബിജെപി സംസ്ഥാന നേതൃത്വം കോഴിക്കോട് നടക്കുന്ന ദേശീയ സമ്മേളനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ക്രൈസ്തവ സഭകളുമായി സഹകരിക്കാനുള്ള തന്ത്രപ്രധാനമായ നീക്കമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായി സംസ്ഥാന ബിജെപി നേതൃത്വം ഉയർത്തിക്കാട്ടുന്നത്. സവർണ്ണ പാർട്ടിയാണെന്നുള്ള പേരുദോഷം മാറ്റിയെടുക്കാൻ ന്യൂനപക്ഷങ്ങളെ സഹകരിപ്പിക്കുന്നതിനായി നേതാക്കൾ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തണമെന്നും സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറച്ചു കാലമായിട്ട് ക്രൈസ്തവ സഭകൾ ബിജെപിയുമായി സൗഹാർദ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ അസരം മുതലെടുത്ത് മധ്യകേരളത്തിൽ സഭകളുമായുള്ള സഹകരണം പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനായി ശ്രമിക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യത്തിലുള്ള നീക്കങ്ങൾ സമയബന്ധിതമായി നടത്തണമെന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ റിപ്പോർട്ടിൽ നിർദേശിച്ചു.

ചില ന്യനപക്ഷ വിഭാഗങ്ങളുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും പിന്നീട് പുരോഗമനം നടന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മെയ്ക്ക് ഇൻ കേരള പദ്ധതിയുടേത് പോലെ മെയ്ക്ക് കേരള പദ്ധതിയും സാക്ഷാത്കരിക്കേണ്ടതുണ്ട്. കേരള വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ ചൂണ്ടിക്കാണിച്ചുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ കേരള നേതൃത്വം വ്യക്തമാക്കുന്നു.

ആറന്മുള പമ്പ പ്രദേശങ്ങളെ ഉൾപ്പെടുത്തി 200 ഏക്കറിൽ പൈതൃക പദ്ധതി, ആയുർവേദത്തിന് ലോക അംഗീകാരം കിട്ടാൻ പ്രത്യേക പദ്ധതി എന്നിവ പ്രവർത്തികമാക്കണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. ഇതെല്ലാം ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് ഇന്ന് പ്രധാനമന്ത്രിക്ക് സമർപ്പിക്കുവാനാണ് തീരുമാനം.

കേരളത്തിൽ ബിജെപിക്കു സ്വാധീനമുള്ള 100 നിയോജക മണ്ഡലങ്ങളുടെ പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു സമർപ്പിച്ചിട്ടുണ്ട്. ഈ നിയോജക മണ്ഡലങ്ങളിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ കൂടുതലായി എത്തിക്കും. തുടർന്നു കേന്ദ്ര സഹായത്തോടെ കൂടുതൽ ആളുകളിലേയ്ക്കു ബിജെപിയുടെ ആശയങ്ങൾ എത്തിക്കും. കൂടുതൽ വികസന പ്രവർത്തനങ്ങൾ അടക്കമുള്ളവ എത്തുമ്പോൾ ജനങ്ങൾ ബിജെപിയുമായി കൂടുതൽ അടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു മുതലെടുക്കാൻ ഓരോ നിയോജക മണ്ഡലത്തിലും ആർഎസ്എസ് അനുഭാവത്തോടെ ശക്തമായ നേതൃ നിര കെട്ടിപ്പെടുക്കുന്നതിനാണ് ഇപ്പോൾ ബിജെപി കേന്ദ്രങ്ങൾ തന്ത്രമൊരുക്കുന്നത്.

Top