സ്വന്തം ലേഖകൻ
ചെന്നൈ: മദ്യപിക്കുന്നതിനായി പതിമൂന്നുകാരിയായ മകളെ അയ്യായിരം രൂപയ്ക്കു വിറ്റ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ചെന്നൈ ആരക്കോണത്താണ് സംഭവം. അറസ്റ്റിലായ പിതാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേയ്ക്കു മാറ്റി.
കഴിഞ്ഞ വെള്ളിയാഴ്ച ആരക്കോണം പൊലീസ് സ്റ്റേഷൻ പരിധിയിൽ, മാരൻനട കോളനിയിലാണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. രണ്ടു വർഷം മുൻപ് അമ്മ മരിച്ചതിനെ തുടർന്നു പതിമൂന്നുകാരിയായ പെൺകുട്ടി പിതാവിനൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. മദ്യപാനിയും മദ്യത്തിനു അടിമയുമായിരുന്ന പിതാവ് പെൺകുട്ടിയെ പല തവണ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായും പരാതി ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം മദ്യപിക്കാൻ പണമില്ലാതെ വന്നതോടെ പെൺകുട്ടിയെ ബാർ ഉടമയ്ക്കു അയ്യാരിരം രൂപയ്ക്കു വിൽക്കുകയായിരുന്നു പിതാവ് ചെയ്തത്. പെൺകുട്ടിയെ കൈമാറ്റം ചെയ്യാൻ ബാറിലെത്തിയതോടെയാണ് സംഭവം വിവാദമായത്. പണം വാങ്ങിയ ശേഷം ബാറുടമയുടെ കാറിലേയ്ക്കു പെൺകുട്ടിയെ കയറ്റിയതോടെ കുട്ടി അസ്വാഭാവികമായ രീതിയിൽ ബഹളം വച്ചു. ഇതോടെ നാട്ടുകാർ കൂടുകയും പെൺകുട്ടിയെ കാറിനുള്ളിൽ നിന്നു പുറത്തിറക്കുകയുമായിരുന്നു. തുടർന്നു കുട്ടിയെയും പിതാവിനെയും പൊലീസിനു കൈമാറി. ഇതോടെയാണ് കഥകൾ പുറത്തറിഞ്ഞത്.