ദില്ലി: ഇന്ത്യയുടെ 13-ാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ഇന്ന് രാവിലെ 10 മണിയോടു കൂടിയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്.ആഗസ്റ്റ് 5 ന് നടന്ന തിരഞ്ഞെടുപ്പില്‍ 516 വോട്ടുകളോടെയാണ് വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ ഗോപാലകൃഷ്ണ ഗാന്ധി 244 വോട്ടുകളാണ് നേടിയത്.
ആന്ധ്രാപ്രദേശിലെ നെല്ലൂരിലുള്ള ചാവട്ടപാളം സ്വദേശിയാണ് വെങ്കയ്യ നായിഡു. കര്‍ഷകരായ രങ്കയ്യ നായിഡുവിന്റെയും രമണമ്മയുടെയും മകനാണ് വെങ്കയ്യാ നായിഡു.
ആന്ധ്രപ്രദേശില്‍ നിന്നുള്ള ആദ്യ ബിജപി എംഎല്‍എയായ വെങ്കയ്യ നായിഡു ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏറ്റവും ജനകീയനായ ബിജെപി നേതാവ് എന്നാണ് അറിയപ്പെടുന്നത്.
ലോക്‌സഭാ, രാജ്യസഭാ അംഗങ്ങളുടെ ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. ഇരുസഭകളിലെയും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്.
ബിജെപിയും സഖ്യകക്ഷികളും കൂടാതെ പ്രതിപക്ഷ പാര്‍ട്ടികളായ എഐഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരും ബിജെപി സ്ഥാനാര്‍ത്ഥിയായ വെങ്കയ്യ നായിഡുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.