രാധേ മാ ഉള്‍പ്പെടെ 14 സന്യാസിമാര്‍ വ്യാജന്മാര്‍; പട്ടിക പുറത്ത്

രാജ്യത്തെ സന്ന്യാസിമാരുടെ ഏറ്റവും വലിയ സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത്ത് 14 വ്യാജ സന്യാസിമാരുടെ പട്ടിക പുറത്തുവിട്ടു. ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹിം സിങ്ങ്, ആശാറാം ബാപ്പു, രാധേ മാ തുടങ്ങിയ ആള്‍ദൈവങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാജ സന്യാസികളാണെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത് പറയുന്നു. ബലാത്സംഗക്കേസില്‍ ഗുര്‍മീതിനെ കുറ്റക്കാരനായി കോടതി വിധിച്ചശേഷം സന്യാസിമാര്‍ക്കെതിരെ വ്യാപകമായ പ്രചരണം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് പുതിയ സന്യാസിമാരുടെ സംഘടനയായ അഖാഡ പരിഷത്ത് തന്നെ വ്യാജ സന്യാസിമാരുടെ പട്ടികയുമായി രംഗത്ത് വന്നത്. സച്ദരംഗി, ഓം ബാബ എന്ന വിവേകാനന്ദ്, നിര്‍മല്‍ ബാബ, ഇഛാധാരി വിശ്വാനന്ദ്, സ്വാമി അസീമാനന്ദ, ഓം നമശിവായ്, നാരായണ്‍ സായ് റാംപാല്‍ എന്നിവരും വ്യാജന്മാരുടെ പട്ടികയിലുണ്ട്. പരിഷത്തിന്റെ യോഗത്തില്‍ ചര്‍ച്ച നടത്തിയശേഷമാണ് 14 പേരുടെ പട്ടിക തയ്യാറാക്കിയതെന്ന് പരിഷത്ത് പ്രസിഡന്റ് മഹന്ത് നരേന്ദ്രഗിരി പറഞ്ഞു. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരണം. നിരവധി വ്യാജ ആത്മീയാചാര്യന്‍മാര്‍ സന്യാസിമാരായി അറിപ്പെടുന്നതില്‍ ആശങ്കയുണ്ട്. പട്ടികയിലുള്ളവരെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത അര്‍ധ കുംഭമേളയില്‍ വ്യാജ സന്യാസിമാരുടെ പ്രശ്നം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top