കാസര്‍കോട്: അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 15 മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ബന്ധുക്കള്‍ പരാതി നല്‍കി. ഭീകര സംഘടനയായ ഐ.എസിലേക്ക് ഇവര്‍ എത്തിപ്പെട്ടതായി സംശയിക്കുന്നതായി ബന്ധുക്കള്‍ പരാതിയില്‍ വ്യക്തമാക്കി. പടന്നയിലെ ഡോ. ഇഅ്ജാസ്, സഹോദരന്‍ ഷിയാസ്, ഇവരുടെ ഭാര്യമാര്‍, ബന്ധുക്കളായ അഷ്ഫാഖ്, ഹഫീസ്, തെക്കേ തൃക്കരിപ്പൂര്‍ ബാക്കിരിമുക്കിലെ മര്‍ശാദ്, ഫിറോസ്, ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദ്, ഇയാളുടെ ഭാര്യ, ഇവരുടെ കുടുംബ സുഹൃത്തുക്കളായ പാലക്കാട്ടെ ഈസ, യഹിയ, ഇവരുടെ ഭാര്യമാര്‍ എന്നിവരാണ് രണ്ടുമാസത്തിനിടെ അപ്രത്യക്ഷരായത്.വിവിധ കാരണങ്ങള്‍ പറഞ്ഞാണ് ഇവര്‍ നാട്ടില്‍ നിന്ന് പോയത് എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. പടന്നയിലെ അഷ്ഫാഖ് ആണ് ആദ്യമായി നാട് വിട്ടത്.
അതേസമയം മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇവര്‍ വിദേശത്തേക്ക് പോയെന്നല്ലാതെ മറ്റു കാര്യങ്ങള്‍ അറിയില്ല. കാണാതായവരുടെ ബന്ധുക്കളില്‍ നിന്ന് പൊലീസിന് നേരിട്ട് പരാതി ലഭിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
ബിസിനസ് ആവശ്യാര്‍ഥം ശ്രീലങ്കയിലേക്ക് പോകുകയായിരുന്നുവത്രേ. മൂന്നു മാസത്തിനു ശേഷം തിരികെ എത്തിയ യുവാവ് മറ്റുള്ളവരെ കൂടി കൊണ്ടുപോയി. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും യുവാക്കള്‍ പോയിരുന്നു. ബിസിനസ് ആവശ്യം എന്നാണ് വീടുകളില്‍ പറഞ്ഞിരുന്നത്. ഇവരില്‍ നിന്ന് വീട്ടിലേക്ക് വല്ലപ്പോഴും സന്ദേശം വന്നിരുന്നതായി സൂചയുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് സന്ദേശം ലഭിച്ചിരുന്നത്. ടെലിഗ്രാം എന്ന ആപ്പ് വഴിയാണ് അവസാനം കുടുംബത്തിന് സന്ദേശം ലഭിക്കുന്നത്. പിന്നീട് ഒരു വിവരവുമില്ല.ഒന്നര വര്‍ഷം മുമ്പാണ് യുവാക്കളില്‍ സ്വഭാവമാറ്റം ശ്രദ്ധയില്‍ പെട്ടതെന്നു പറയുന്നു. ധാര്‍മിക പഠനം നടത്താനാണെന്നു പറഞ്ഞു വീട്ടില്‍ നിന്ന് മാറി നില്‍ക്കാറുണ്ടത്രേ.
നിഷ്ഠയില്ലാതെ ജീവിച്ചിരുന്ന ചെറുപ്പക്കാര്‍ ചിട്ടയായ ജീവിതത്തിലേക്ക് വരുന്നതില്‍ വീട്ടുകാര്‍ തുടക്കത്തില്‍ ആശ്വാസം കണ്ടിരുന്നു. പിന്നീടാണ് ഇവര്‍ അകപ്പെട്ട വിപത്തിന്‍െറ വ്യാപ്തി ബന്ധുക്കള്‍ മനസിലാക്കുന്നത്.ഹഫീസ് അടുത്തിടെയാണ് വിവാഹം ചെയ്തത്. ഇയാളുടെ ഭാര്യ പക്ഷേ, നാടുവിട്ടുപോകാനുള്ള പരിപാടിയും ആശയവും നിരാകരിക്കുകയായിരുന്നു. അവസാനം ലഭിച്ച സന്ദേശത്തില്‍ ഞങ്ങളെ കുറിച്ച് അന്വേഷിക്കരുതെന്നു പറഞ്ഞതായി സൂചനയുണ്ട്. ഇതിനു ശേഷമാണ് പി. കരുണാകരന്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കണ്ട് ഇവരുടെ തീവ്രവാദബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
അതേസമയം കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു തന്റെ മകള്‍ നിമിഷയെന്നും നാല് മാസം മുന്‍പ് പരിചയപ്പെട്ട ബെക്‌സണ്‍ എന്ന ഇസയോടൊപ്പമാണ് രാജ്യം വിട്ടതെന്നും നിമിഷയുടെ അമ്മ ബിന്ദു. ശ്രീലങ്കയില്‍ ബിസിനസ് ചെയ്യാനാണ് പോകുന്നതെന്ന് പറഞ്ഞാണ് പോയത്. അവര്‍ ഇസിസ് സംഘത്തിനൊപ്പം ചേര്‍ന്നതായി സംശയമുണ്ടെന്നും ബിന്ദു പറയുന്നു. ഡെന്റല്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന ബെക്‌സണെ നിമിഷ പരിചയപ്പെടുന്നത്. പിന്നീട് അവര്‍ പ്രണയത്തിലാവുകയും നാടുവിടുകയും ചെയ്തു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് ഞാന്‍ പരാതി നല്‍കി. അതിന് ശേഷം മകളേയും കൊണ്ട് അവന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി. പര്‍ദ്ദ ധരിച്ചുവന്ന മകളെ കണ്ട് ഞാന്‍ ഞെട്ടിപ്പോയെന്നും ബിന്ദു പറയുന്നു.
ബെക്‌സണ്‍ പിന്നീട് മുസ്ലീം മതത്തിലേക്ക് മാറി ഈസ എന്ന പേര് സ്വീകരിച്ചു എന്നറിഞ്ഞപ്പോള്‍ വീട്ടുകാരുമായി ചേര്‍ന്ന് അവനെ കുറിച്ച് അന്വേഷിച്ചു. മുജാഹിദ്ദീന്‍ എന്ന സംഘടനയിലെ അംഗമാണെന്നാണ് അപ്പോള്‍ മനസിലായത്. ഇത് പോലീസിനേയും മജിസ്‌ട്രേറ്റിനേയും അറിയിച്ചു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യം പറഞ്ഞപ്പോള്‍ കോടതി അത് അംഗീകരിച്ചു. പെണ്‍കുട്ടി പറയുന്ന ആള്‍ക്കൊപ്പം വിടുകയേ നിര്‍വാഹമുള്ളൂ എന്ന കോടതി അറിയിച്ചു. പിന്നീട് മൂന്ന് മാസം ഇവരെ കുറിച്ച് വിവരമുണ്ടായിരുന്നില്ല. അതിന് ശേഷം ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. എന്നാല്‍ രക്ഷിതാവെന്ന നിലയില്‍ തന്റെ അഭിപ്രായം പോലും ചോദിക്കാതെ ഹൈക്കോടതി മകളെ യുവാവിനൊപ്പം അയച്ചു. അതിന് ശേഷം താന്‍ പാലക്കാടുണ്ടെന്നും ഗര്‍ഭിണായാണെന്നും പറഞ്ഞ് നിമിഷ വിളിച്ചു. പിറ്റേ ദിവസം തന്നെ ഞാന്‍ പാലക്കാടെത്തി അവളെ കണ്ടു. മാസത്തില്‍ ഒരു തവണയെങ്കിലും തന്നെ വന്ന് കാണണമെന്നും ഫോണ്‍ ചെയ്യണമെന്ന കാര്യവും മകളോടും ഇസയോടും പറഞ്ഞു. ഏര്‍പ്പാടുണ്ടാക്കാമെന്നായിരുന്നു അവന്റെ മറുപടി. വളരെ ബഹുമാനത്തോടെയാണ് എന്നോട് സംസാരിച്ചത്. അതിന് ശേഷം നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതിന് ശേഷം മെയ് 18 ന് ബിസിനസ് ചെയ്യാനായി ശ്രീലങ്കയിലേക്ക് പോകുകയാണെന്ന് അറിയിച്ചു. എന്നാല്‍ അത് ഞാന്‍ എതിര്‍ത്തു. ഇവിടെ ഇല്ലാത്ത എന്ത് ബിസിനസാണ് അവിടെ ഉള്ളതെന്ന് ഞാന്‍ ചോദിച്ചിരുന്നു. യാത്രയെ എങ്ങനെയെങ്കിലും എതിര്‍ക്കും എന്നും പറഞ്ഞു. പിന്നീട് വാട്‌സ് അപ്പ് വഴി അവരുമായി ബന്ധപ്പെട്ടിരുന്നു. ജൂണ്‍ 4 വരെ ഇത്തരത്തില്‍ മകളുമായി സംസാരിച്ചിരുന്നു. എന്നാല്‍ പിന്നീട് അതും ഇല്ലാതായി. അതോടെ ശ്രീലേഖ ഐ.പി.എസിന് പരാതി നല്‍കി. എന്നാല്‍ മകള്‍ എവിടെയെങ്കിലും യാത്രപോയതായിരിക്കുമെന്നും കാത്തിരിക്കാനുമായിരുന്നു അവര്‍ പറഞ്ഞത്. ഓഗസ്റ്റില്‍ മകളുടെ പ്രസവം നടക്കേണ്ടതാണ്. തന്റെ പരാതി നേരത്തെ പരിഗണിച്ചിരുന്നെങ്കില്‍ അവര്‍ രാജ്യം വിടുന്നത് തടയാമായിരുന്നു. – ബിന്ദു പറയുന്നു. നേരത്തെ പാലക്കാട് സ്വദേശികളായ ഈസ, യഹ്‌യ, ഇവരുടെ ഭാര്യമാര്‍ അടക്കം 16 പേര്‍ ഐഎസില്‍ ചേരാനായി രാജ്യവിട്ടെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ബെക്‌സണ്‍ വിന്‍സെന്റ് തന്നെയാണ് ഈസ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഈസയുടെ സഹോദരനും മതം മാറി യഹിയ എന്ന പേര് സ്വീകരിച്ചിരുന്നു. തൃക്കരിപ്പൂര്‍ ഉടുമ്പന്‍തലയിലെ എന്‍ജിനീയര്‍ അബ്ദുള്‍ റാഷിദ്, ഭാര്യ സോണിയ, മകള്‍ സാറ, തൃക്കരിപ്പൂരിലെ മര്‍വാന്‍, മര്‍ഷിദ്, ഫിറോസ്, അസീസുള്‍, അഷ്ഫാക്, പടന്ന സ്വദേശി ഡോ. ഇജാസ്, ഭാര്യ ആയിഷ, സഹോദരന്‍ എന്‍ജിനീയര്‍ ശിഹാബ് എന്നിവരാണ് കാണാതായ മറ്റു പേര്‍.