അവസരത്തിനായി കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നു.സിനിമ മേഖലയിലെ ലൈംഗിക ചൂഷണമടക്കം ഞെട്ടിക്കുന്ന കഥകൾ ! മലയാള സിനിമയെ നിയന്ത്രിക്കുന്ന ആ 15 പേര്‍ പവര്‍ ഗ്രൂപ്പ്, ഒരു നടന്‍ ഈ ഗ്രൂപ്പിനെ മാഫിയ സംഘമെന്ന് വിളിച്ചു; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ . സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ട്. സിനിമാ രംഗത്ത് പുറമേയുള്ള തിളക്കം മാത്രമാണുള്ളത് . മലയാള സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തയാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പവര്‍ ഗ്രൂപ്പില്‍ സംവിധായകരും നടന്മാരും നിര്‍മാതാക്കളും ഉള്‍പ്പെട 15 പേരാണുള്ളതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. മലയാള സിനിമയിലെ ഒരു നടന്‍ ഈ ഗ്രൂപ്പിനെ മാഫിയ സംഘം എന്ന് വിളിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ നടന് അപ്രഖ്യാപിത വിലക്കുകാരണം പിന്നീട് സീരിയല്‍ രംഗത്തേക്ക് പോകേണ്ടി വന്നതായും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സിനിമാമേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കായി വിളിക്കുന്ന പെണ്‍കുട്ടികള്‍ക്കായി വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടെന്നും ഇരയാക്കപ്പെട്ടവരുടെ മൊഴികളില്‍ പലതും ഞെട്ടിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാതാരങ്ങളില്‍ പലര്‍ക്കും ഇരട്ടമുഖമാണെന്നും അഡ്ജസ്റ്റ്‌മെന്റും കോംപ്രമൈസും സ്ഥിരം വാക്കുകളായി എന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിട്ടുവീഴ്ച ചെയ്യാന്‍ തായാറാകുന്നവര്‍ അറിയപ്പെടുക കോഡ് പേരുകളിലെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ടെത്തി. സെറ്റില്‍ ഇതിനായി ഇടനിലക്കാരുണ്ടെന്നും റിപ്പോര്‍ട്ട്. സ്ത്രീകളെ സ്‌ക്രീനില്‍ ചിത്രീകരിക്കുന്നതില്‍ വലിയ പ്രശ്‌നം. തൊഴിലിടങ്ങളിലും യാത്രാവേളകളിലും താമസ ഇടങ്ങളിലും അടക്കം നടിമാര്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ലൈംഗിക താല്പര്യത്തിന് വഴങ്ങാത്ത നടിമാര്‍ ടോര്‍ച്ചറിനു വിധേയരാകുന്നു. മദ്യം മയക്കുമരുന്ന് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറുന്നു. സിനിമാ ലൊക്കേഷനില്‍ വള്‍ഗര്‍ കമന്റ്‌സ് നേരിടുന്നു. സിനിമാ മേഖലയില്‍ പുറംമൂടി മാത്രമേയുള്ളൂ. വേതനത്തില്‍ വിവേചനം നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിനിമയിൽ അവസരത്തിനായി കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നതായും മറ്റു രീതിയിൽ ചുഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമ്മീഷനെ അറിയിച്ചു. ഇതിനു പിൻബലം നൽകുന്ന രേഖകളും ചിലർ ഹാജരാക്കി. ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ഇതു ചോദിച്ചാൽ മോശമായി പ്രതികരിക്കുന്നവരുണ്ടെന്നും ചിലർ കമ്മീഷന് മൊഴി നൽകി.

ഷൂട്ടിങ് സെറ്റുകളിൽ മദ്യവും ലഹരിമരുന്നു കർശനമായി വിലക്കണം. സിനിമയില്‍ പ്രവർത്തിക്കുന്ന വനിതകൾക്ക് നിർമാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡ്രൈവർമാരായി നിയോഗിക്കരുത്. വനിതകൾക്കും പുരഷന്മാരുടേതിന് തുല്യ പ്രതിഫലം നൽകണമെന്നും കമ്മിറ്റി നിർദേശിക്കുന്നു.

2019 ഡിസംബറിൽ ഹേമ കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും മുൻപ് തള്ളിയിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സല കുമാരി എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ. വിവരാവകാശ കമ്മിഷന്റ നിർദേശം അനുസരിച്ചാണ് വർഷങ്ങൾക്കുശേഷം റിപ്പോർട്ട് പുറത്തിവിടുന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ കമ്മിഷൻ നിർദേശപ്രകാരം റിപ്പോർട്ടിൽനിന്ന് ഒഴിവാക്കി.

Top