കേളകം: ആദിവാസി പെണ്‍കുട്ടി പട്ടിണിമൂലം ആത്മഹത്യ ചെയ്‌തെന്ന് വാര്‍ത്ത നിഷേധിച്ച് കുട്ടിയുടെ പിതാവ് രംഗത്ത്. കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നന്‍ രവിയാണ് മകള്‍ ശ്രുതിയുടെ (15) മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ ഭക്ഷണം ലഭിക്കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പുണ്ടെന്ന ആരോപണം ശക്തമായതോടെ കുട്ടിയുടെ മരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ സാമ്പത്തികസ്ഥിതിയുള്ള കുടുംബമാണ് ഇവരുടേതെന്ന് പൊലീസും നാട്ടുകാരും പറയുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയപ്രേരിതമായി സംഭവത്തെ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി.
ഇന്നലെയാണ് ചെങ്ങോം കോളനിയിെല ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശ്രുതി ആത്മഹത്യ ചെയ്തത്. സൈക്കിള്‍ വാങ്ങി നല്‍കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം നിറവേറ്റാനാകാതെ പോയതാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ കാരണമെന്നാണ് പിതാവ് നല്‍കുന്ന വിശദീകരണം. പഠിക്കാനാവശ്യമായ എല്ലാ സാമഗ്രികളും മകള്‍ക്ക് വാങ്ങി നല്‍കിയിരുന്നു. ഭക്ഷണത്തിനും വീട്ടില്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. വീട്ടില്‍ ചില സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ടെങ്കിലും കുട്ടിയെ അത് ബാധിച്ചിട്ടില്ലെന്നും പിതാവ് പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. കുട്ടിക്ക് ട്യൂഷനുണ്ടായിരുന്നതിനാല്‍ പുറത്ത് പോകുമ്പോള്‍ അവളെ കൊണ്ടുപോകുന്നില്ലെന്ന പരാതി ഉണ്ടായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ മരണം പട്ടിണി മൂലമല്ലെന്നും അമ്മൂമ്മ ഭക്ഷണം എടുത്തുനല്‍കാതിരുന്നതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് പൊലീസ് നിലപാട്. വിശപ്പ് മൂലം മരിക്കുകയാണെന്ന കുറിപ്പ് മനപ്പൂര്‍വം ചിലര്‍ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ദേശാഭിമാനി പത്രമാണ് പട്ടിണിയാണ് മരണകാരണമെന്ന് റിപ്പോര്‍ട്ട് ചെയ്തത്.