മുംബൈ: ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മൂന്നുമാസം പ്രാഥമിക ഓഹരി വിപണിയില്‍നിന്ന് മൂലധനം സ്വരൂപിക്കുന്നതിന് അനുമതി തേടി സെബിക്ക് അപേക്ഷ നല്‍കിയത് 16 കമ്പനികള്‍. നാലര വര്‍ഷത്തിനിടയിലെ ഉയര്‍ന്ന തോതാണിത്. ഇതില്‍ പകുതിയും കഴിഞ്ഞയാഴ്ചയാണ് അപേക്ഷ നല്‍കിയത്. മാര്‍ച്ച് സാമ്പത്തിക പാദത്തിലെ സാമ്പത്തിക സ്ഥിതികാണിച്ച് സെപ്റ്റംബര്‍ പാദാവസാനം വരെ അപേക്ഷിക്കാം. അതുകഴിഞ്ഞാല്‍, ജൂണ്‍ പാദത്തിലെ സാമ്പത്തിക സ്ഥിതിയാണ് കാണിക്കേണ്ടത്. ഇത് കൂടുതല്‍ കാലതാമസത്തിനിടയാക്കുമെന്നതിനാലാണ് കൂടുതല്‍ കമ്പനികള്‍ ഒരുമിച്ച് അപേക്ഷ നല്‍കിയതെന്ന് നിക്ഷേപ ബാങ്കുകള്‍ പറയുന്നു. എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്, ക്വിക് ഹീല്‍ ടെക്‌നോളജീസ് തുടങ്ങിയവയാണ് കഴിഞ്ഞയാഴ്ച അപേക്ഷിച്ചവരില്‍ പ്രമുഖര്‍. പുണെ കേന്ദ്രമായ ആന്റി വൈറസ് സോഫ്‌റ്റ്വെയര്‍ നിര്‍മാതാക്കളായ ക്വിക്ഹീല്‍ പുതിയ ഓഹരികളിലൂടെ 250 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. ഇതിനു പുറമേ പ്രമോട്ടര്‍മാരുടെയും വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ സെഖ്വയിയുടെയും കൈവശമുള്ള 68 ലക്ഷം ഓഹരികളും വില്‍ക്കും. അതേസമയം, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ അനുകൂലമാണെങ്കിലേ ഈ കമ്പനികള്‍ അനുമതി കിട്ടിയാലും രംഗത്തിറങ്ങൂ. സെപ്റ്റംബര്‍ വരെയുള്ള മൂന്നുമാസംകൊണ്ട് ഇന്ത്യന്‍ ഓഹരി വിപണികള്‍ ആറുശതമാനത്തോളം നഷ്ടത്തിലായിരുന്നു. 2011 ഡിസംബര്‍ പാദത്തിനുശേഷമുള്ള ഏറ്റവും മോശം അവസ്ഥയായിരുന്നു ഇത്. ഈ വര്‍ഷം 6500 കോടിയോളം രൂപയാണ് ഐ.പി.ഒ വഴി കമ്പനികള്‍ സമാഹരിച്ചത്.