
സ്വന്തം ലേഖകൻ
കോട്ടയം: പതിനാറ് വർഷങ്ങൾക്കുശേഷം ഗർഭം ധരിച്ച് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയയാ യുവതി തീവ്ര പരിചരണ വിഭാഗത്തിൽ മരിച്ചു. മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി 10 ദിവസം തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ് ചങ്ങനാശേരി മാമ്മൂട് പള്ളിക്കുന്നേൽ ജേക്കബ് ജോണിന്റെ ഭാര്യ ജ്യോതിമോൾ (36) ആണ് മരിച്ചത്. ജ്യോതിയുടെ മൂന്ന് ആൺകുഞ്ഞുങ്ങളിൽ ഒരാൾ ഗർഭാവസ്ഥയിലും മറ്റൊരാൾ ശസ്ത്രക്രിയക്ക് ശേഷവും മരിച്ചു. മരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന ഒരുമണിക്കൂറോളം മൃതദേഹം തീവ്രപരിചരണ വിഭാഗത്തിൽ കിടത്തേണ്ടിവന്നു. പോലീസെത്തി ബന്ധുക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സംഘർഷത്തിന് അയവ് വന്നത്. തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അമിനോട്ടിക് ഫഌയിഡ് പുറത്തേക്ക് വരുന്ന അവസ്ഥയിലാണ് കഴിഞ്ഞ 7ന് ജ്യോതിമോൾ ആശുപത്രിയിൽ എത്തിയത്. പരിശോധനക്ക് ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് ജ്യോതിയെ ഗൈനക്കോളജി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്നു ദിവസത്തിന് ശേഷം ജ്യോതിമോൾക്ക് കടുത്ത പനിയും വിറയലും കണ്ടെത്തിയതിനാൽ ആശുപത്രി അധികൃതർ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുയായിരുന്നു. ശസ്ത്രക്രിയക്കിടയാണ് ഒരുകുട്ടി മരിച്ചതായി കണ്ടെത്തിയത്. മറ്റ് രണ്ട് കുട്ടികളെയും ഇൻക്വിബേറ്ററിലേക്ക് മാറ്റി. ഇതിലൊരു കുട്ടി മൂന്നാം ദിവസം മരിച്ചു. പ്രവസ ശസ്ത്രിക്രിയക്ക് ശേഷം ഗൈനക്കോളജി വിഭാഗം തീവ്ര പരിചണവിഭാഗത്തിൽ കഴിഞ്ഞ ജ്യോതീമോളെ കടുത്ത ശാരീരിക അസ്വസ്ഥതയെതുടർന്ന് മൂന്നു ദിവസത്തിന് ശേഷം മെഡിക്കൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ട് 5നാണ് അന്ത്യം. 7ന് പരിശോധനക്ക് എത്തിയതുമുതൽ കടുത്ത ശാരീരികാസ്വസ്ഥത ജ്യോതി പ്രകടിപ്#ിച്ചിരുന്നെങ്കിലും ഗൈനക്കോളജി വിഭാഗം ഡോക്ടർമാർ അവഗണിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടു.