കൊച്ചി: വീഡിയോ ഗയിം കളിക്കുന്നത് മാതാവ് തടഞ്ഞതിന്‍ മനംനൊന്ത് പതിനാറുകാരി ആത്മഹത്യ ചെയ്തു. ഏറെ ഓമനിച്ചാണ് അഫ്‌നയെ വീട്ടുകാര്‍ വളര്‍ത്തിയരുന്നത്. ഉമ്മയും മോളും മാത്രമാണ് ഏലൂര്‍ ഡിപ്പോയ്ക്ക് സമീപമുള്ള വീട്ടില്‍ താമസിച്ചിരുന്നത്.
അഫ്‌നയുടെ പിതാവ് കൂട്ടുങ്കല്‍ സുധീര്‍ ഒമാനില്‍ ഡ്രൈവറാണ്. കഴിഞ്ഞ ഒരു മാസം മുമ്പാണ് സുധീര്‍ ലീവില്‍ നാട്ടില്‍ വന്ന് മടങ്ങിയത്.ബുധനാഴ്ച രാത്രി പത്തേകാലോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
സാജിത തയ്യല്‍ മെഷീനില്‍ സ്റ്റിച്ച് ചെയ്യുന്ന സമയം റൂമില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ കാന്റിക്രഷ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അഫ്‌ന. ഫോണെടുത്ത് വെച്ച് കിടന്നുറങ്ങാന്‍ ഏറെ നേരം ഉമ്മ പറഞ്ഞു. ഇത് അവഗണിച്ച് ഫോണിന്റെ ഉപയോഗം തുടര്‍ന്നപ്പോള്‍ ഉമ്മ ശകാരിച്ചു. വീണ്ടും മൊബൈലില്‍ കളി തുടര്‍ന്നപ്പോള്‍ സാജിത മൊബൈല്‍ പിടിച്ചുവാങ്ങി കൂടുതല്‍ ശകാരിച്ചു. ഇതിനെത്തുടര്‍ന്ന് പെട്ടന്ന് അഫ്‌ന റൂമിനുള്ളിലെ വാതില്‍ കുറ്റിയിടുകയായിരുന്നു.
ഏറെ നേരമായി വിളിച്ചിട്ട് കതക് തുറക്കാതിരുന്നതിനെത്തുടര്‍ന്ന് സാജിത ബഹളംവെച്ച് അയല്‍പക്കക്കാരെ കൂട്ടി. പിന്നീട് വാതില്‍ പൊളിച്ചുമാറ്റിയപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഉടനെ ഓട്ടോറിക്ഷയില്‍ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ആമ്പുലന്‍സില്‍ ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം അറിഞ്ഞ് ഇന്നലെ രാവിലെ 9 മണിയോടെ പിതാവ് സുധീര്‍ നാട്ടിലെത്തി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഏലൂര്‍ ജുമാഅത്ത് പള്ളി കബര്‍ സ്ഥാനത്ത് ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ കബറടക്കി. എസ്.എസ്.എല്‍.സി റിസള്‍ട്ടിന് ശേഷം പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു അഫ്‌ന.