ഹൈദരാബാദ്: ഫുട്പാത്ത് കച്ചവടം നടത്തിയിരുന്ന ആളുടെ അക്കൗണ്ടിലേയ്ക്ക് എത്തിയത് 17 കോടി രൂപ. ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് നോട്ട് പിന്‍വലിക്കലിനു ശേഷം നടത്തിയ കള്ളപ്പണ ഇടപാടിനെ കുറിച്ച് വിവരം ലഭിച്ചത്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളയാളിന്റെ അക്കൗണ്ടില്‍ 17 കോടിയുടെ നിക്ഷേപം നടന്നത് എല്ലാവരെയും ഞെട്ടിച്ചിരുന്നു.ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്. ഹൈദരാബാദില്‍ റോഡുവക്കില്‍ വളരെ ചെറിയ ബിസിനസ് നടത്തി വരുന്നയാളുടെ അക്കൗണ്ടിലാണ് ഇത്രയും തുക നിക്ഷേപിക്കപ്പെട്ടത്. അന്വേഷണം നടക്കുന്നതിനാല്‍ ഇയാളുടെ പേരും മറ്റു വിവരങ്ങളും ആദായ നികുതി വകുപ്പ് പുറത്ത് വിട്ടിട്ടില്ല.
സെപ്തംബറില്‍ ഒരു ദേശസാത്കൃത ബാങ്കിലാണ് ഇയാള്‍ അക്കൗണ്ട് ആരംഭിച്ചത്. മൂന്നു കോടി രൂപയാണ് അന്ന് നിക്ഷേപിച്ചത്. തുടര്‍ന്ന് ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി അക്കൗണ്ടില്‍ നിന്ന് പല ഘട്ടങ്ങളിലായി അതേമാസം തന്നെ പണം പിന്‍വലിക്കുകയും ചെയ്തു. നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടിന് ഇതേ അക്കൗണ്ടില്‍ അസാധുവായ 500, 1000 രൂപാ നോട്ടുകളായി 14 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. പിന്നീട് ഈ തുക മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റി.
അക്കൗണ്ടിന്റെ ഉടമയെ തിങ്കളാഴ്ച ആദായ നികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചില്ല. എന്നാല്‍, കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടി മറ്റാരോ ഇയാളുടെ അക്കൗണ്ടില്‍ നിക്ഷേപം നടത്തുകയായിരുന്നെന്നാണ് ആദായ നികുതി വകുപ്പ് കരുതുന്നത്. കേസിലെ പ്രധാന പ്രതിയെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.