സ്പിരിറ്റുമായി പ്രഭാസ്; 25ാം ചിത്രത്തിന്റെ പേര് പുറത്തുവിട്ട് താരം
ചെന്നൈ: തെന്നിന്ത്യൻ താരം പ്രഭാസ് നായകനായി എത്തുന്ന 25-ാം ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. സ്പിരിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥകൃത്തും സംവിധായകനുമായ സന്ദീപ് റെഡ്ഡി വങ്കയാണ് സംവിധാനം ചെയ്യുന്നത്. ഇരുവരും ഒന്നിച്ച് പ്രവർത്തിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും സ്പിരിറ്റിനുണ്ട്. 2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം അർജ്ജുൻ റെഡ്ഡിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് സന്ദീപ് റെഡ്ഡി.
അർജ്ജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീർ സിങ്ങും ഒരുക്കിയത് സന്ദീപ് റെഡ്ഡിയായിരുന്നു. ടി-സീരിസ് ഫിലിംസ്, ഭദ്രകാളി പിക്ചേഴ്സിന്റെ ബാനറിൽ ഭൂഷൻ കുമാറാണ് പ്രഭാസിന്റെ 25-ാം ചിത്രം നിർമ്മിക്കുന്നത്. മറ്റു ചിത്രങ്ങൾ പോലെ ബഹുഭാഷ ചിത്രമായിട്ടാണ് സ്പിരിറ്റും അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിലെ സഹതാരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
പ്രഭാസ് ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ കഥാപാത്രമാകും സ്പിരിറ്റിലേതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ടൈറ്റിൽ പ്രഖ്യാപിച്ചതോടെ പ്രഭാസിന്റെ ആരാധകരും ഏറെ ആവേശത്തിലാണ്.