ഇസ്താംബുള്‍: തുർക്കിയിലും സിറിയയിലും നഷ്ടങ്ങള്‍ക്കും നാശങ്ങള്‍ക്കുമിടയില്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍നിന്ന് മൂന്നു വയസുള്ള ഒരു കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ഇന്നലെ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
ഭൂകമ്പം നടന്ന് 22 മണിക്കൂര്‍ പിന്നിട്ട ശേഷമായിരുന്നു ഈ രക്ഷാപ്രവര്‍ത്തനം. മരണസംഖ്യങ്ങള്‍ പെരുകുമെന്ന ഭയത്തിനിടയിലും പ്രതീക്ഷയുടെ പ്രഭ പരത്തി നിരവധി അതിജീവിതരെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു പുറത്തെടുക്കാന്‍ രക്ഷാസംഘങ്ങള്‍ക്കു കഴിയുന്നുണ്ട്.
ട്വിറ്ററില്‍ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോയുടെ അടിക്കുറിപ്പ് മീരാന്‍ എന്ന മൂന്നു വയസുകാരനെയാണ് അത്ഭുതകരമായി രക്ഷപ്പെടുത്തിയത് എന്നു വ്യക്തമാക്കുന്നു. മലാത്യയിലെ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയിലാണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടിയെ കണ്ടെത്തിയത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നാണ് തുര്‍ക്കിയിലെ മലാത്യ. കൂമ്പാരമായ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പൊടിയില്‍ മൂടിക്കിടക്കുന്ന നിലയിലായിരുന്നു കുഞ്ഞ്. ഗുരുതരമായ പരുക്കുകളില്‍നിന്ന് അതിശയകരമായി അവന്‍ രക്ഷപ്പെട്ടെന്നാണ് 19 സെക്കന്‍ഡ് െദെര്‍ഘ്യമുള്ള വീഡിയോദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.
അതേസമയം മരണസംഖ്യ വലിയ തോതില്‍ ഉയരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇരുപതിനായിരത്തോളം പേര്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.
മരണമടഞ്ഞവരുടെയും പരുക്കേറ്റവരുടെയും എണ്ണം പ്രാഥമിക റിപ്പോര്‍ട്ടുകള്‍ക്കു ശേഷമുള്ള ആഴ്ചയില്‍ ഗണ്യമായി വര്‍ധിക്കുന്നതാണ് മുന്‍കാലഅനുഭവങ്ങളെന്നു ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ കാതറിന്‍ സ്‌മോള്‍വുഡ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.