കണ്ണൂർ: സിപിഎം നേതൃത്വത്തെ വിമർശിച്ചും ആരോപണങ്ങളുന്നയിച്ചും ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി.
ഫേസ്ബുക്ക് കമന്റിലൂടെയാണ് ആകാശിന്റെ വെളിപ്പെടുത്തൽ. ക്വട്ടേഷൻ നൽകിയവർക്ക് സഹകരണ ബാങ്കിൽ ജോലി, നടപ്പാക്കിയവർക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് പ്രതിഫലമെന്ന് ആകാശ് തില്ലങ്കേരി പറയുന്നു.
“എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെ കൊണ്ട് കൊലപാതകം നടത്തിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതു കൊണ്ടാണ് ഇപ്പോൾ തുറന്നു പറയുന്നത്.” എന്നായിരുന്നു ആകാശിന്റെ കമന്റ്.
ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആകാശിന്റെ കമന്റ്. കമന്റ് വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
കുറച്ച് ദിവസമായി ആകാശ് തില്ലങ്കേരിയുടെ അനുകൂലികളും സിപിഎം പ്രവർത്തകരും ഫേസ്ബുക്കിൽ നടത്തുന്ന വാക്പോരിന്റെ ഭാഗമായാണ് ആകാശിന്റെ വെളിപ്പെടുത്തൽ