മൂന്നാര്‍: ഇടുക്കി വാഗമണ്ണില്‍ വ്യാജ പട്ടയം ചമച്ച് ഭൂമി മറിച്ചുവിറ്റ കേസില്‍ വിജിലന്‍സ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ സ്ഥലത്തെത്തിച്ച തെളിവെടുത്തു.
വാഗമണ്‍ കൊയ്ക്കാരന്‍ പറമ്പില്‍ ജോളി സ്റ്റീഫനെയാണ് വിജിലന്‍സ് കഴിഞ്ഞ ദിവസം ബംഗളുരുവില്‍ നിന്ന് പിടികൂടിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും ആധാരമെഴുത്തുകാരന്റെയും സഹായ ത്തോടെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. വ്യാഴാഴ്ച്ച ജോളിയെ കോടതിയില്‍ ഹാജരാക്കും. 1994ല്‍ വാഗമണില്‍ വിതരണം ചെയ്ത ചില പട്ടയങ്ങളില്‍ ക്രമക്കേട് നടന്നതായി ഇന്റലിജന്‍സിന് വിവരം കിട്ടിയിരുന്നു.
ഇങ്ങനെയാണ് ജെസി എന്നയാളുടെ പേരില്‍ മൂന്നേക്കര്‍ 40 സെന്റ് സ്ഥലത്തിന് ജോളി വ്യാജ പട്ടയം ഉണ്ടാക്കിയതായി കണ്ടെത്തിയത്.
പിന്നീട് ഈ സ്ഥലം ജെസി എന്നു പേരുള്ള മറ്റൊരാളെ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി ജോളിയുടെ പേരിലേക്ക് തന്നെ മാറ്റുകയായിരുന്നു. ഈ പട്ടയം 32 പേര്‍ക്ക് മറിച്ചുവിറ്റ് കോടികള്‍ സമ്പാദിക്കുകയുമായിരുന്നു.