കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കോളജ് വിദ്യാർഥികളുമായി ചലച്ചിത്ര ഛായാഗ്രഹണത്തിന്റെ സവിശേഷതകളും വിശേഷങ്ങളും പങ്കുവച്ച് പ്രശസ്ത സിനിമ ഛായാഗ്രാഹകരായ വിനോദ് ഇല്ലംപള്ളിയും നിഖിൽ എസ്. പ്രവീണും കാമ്പസുകളിൽ.
കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രചരണാർത്ഥമാണ് വിനോദും നിഖിലും വിദ്യാർഥികളുമായി കാമ്പസുകളിൽ സംവദിക്കാനെത്തിയത്.ചങ്ങനാശേരി എസ്.ബി. കോളജ്, പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളജ് ഓഫ് അപ്ലൈഡ് സയൻസസ്, പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ചങ്ങനാശേരി സെന്റ് ജോസഫ്‌സ് കോളജ് ഓഫ് കമ്മ്യൂണിക്കേഷൻസ്, അസംപ്ഷൻ, എൻ.എസ്.എസ്. എന്നിവിടങ്ങളിലാണ് ചലച്ചിത്ര പ്രവർത്തകരുടെ സംഘം സന്ദർശിച്ചത്.
ഓം ശാന്തി ഓശാന, തണ്ണീർമത്തൻ ദിനങ്ങളടക്കമുള്ള സിനിമയിലെ കാമറ വിശേഷങ്ങളാണ് വിനോദ് ഇല്ലംപള്ളിയിൽനിന്ന് വിദ്യാർഥികൾ ചോദിച്ചറിഞ്ഞത്. വിദ്യാർഥികളുടെ ചോദ്യങ്ങൾക്കു മറുപടിയായി സിനിമയിലെയും ഡോക്യുമെന്ററികളിലെയും ഛായാഗ്രഹണ പ്രത്യേകതകൾ രണ്ടുതവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച നിഖിൽ എസ്. പ്രവീൺ പങ്കുവച്ചു.
വിദ്യാർഥികളുടെ സിനിമയെ സംബന്ധിച്ച സംശയങ്ങൾക്ക് ഇരുവരും മറുപടി നൽകി. അധ്യാപകരുമായും സംവദിച്ചു. പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ സംഘം അടുത്തദിവസങ്ങളിലും വിവിധ കോളജുകൾ സന്ദർശിക്കും. ചലച്ചിത്ര പ്രവർത്തകൻ രാഹുൽ രാജ്, ചലച്ചിത്ര അക്കാദമി റീജണൽ കോ-ഓർഡിനേറ്റർ ഷാജി അമ്പാട്ട് എന്നിവർ പങ്കെടുത്തു.അനശ്വര, ആഷ തിയറ്ററുകളിലും സി.എം.എസ്. കോളജ് തീയറ്ററിലുമായി അഞ്ചു ദിവസമായി നടക്കുന്ന ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമ വിഭാഗങ്ങളിലായി 39 സിനിമകൾ പ്രദർശിപ്പിക്കും.
കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെ ഓഫ്ലൈനായി രജിസ്റ്റർ ചെയ്യാം. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമാണ് ഫീസ്. ഓൺലൈൻ https://registration.iffk.in/ എന്ന ലിങ്ക് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം.