കോട്ടയം: സുബി സുരേഷ് എന്ന അനുഗ്രഹീത കലാകാരിയുടെ വിയോഗത്തിൽ , സ്വന്തം സഹോദരി നഷ്ടമായ രീതിയിൽ വിങ്ങുകയാണ് സാമൂഹിക പ്രവർത്തകയായ നിഷ സ്നേഹക്കൂടിന്റെ ഹൃദയവും.
ചിരിയുടെ ഹൃദയപക്ഷത്ത് നിന്ന സുബിയുടെ ജീവൻ ചിതയിലേയ്ക്ക് എടുക്കുന്നു എന്ന വേദനിപ്പിക്കുന്ന യാഥാർത്ഥ്യം ഇനിയും ഉൾക്കൊള്ളാൻ നിഷക്ക് ആയിട്ടില്ല. അപ്രതീക്ഷിതമായി ഉണ്ടായ ഈ വിയോഗത്തിൽ, സുബിയെ പരിചയപ്പെട്ടത് മുതലുള്ള തന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നിഷ.
കോട്ടയത്ത് നടന്ന സ്നേഹക്കൂടിന്റെ ഒരു ഉദ്ഘാടന ചടങ്ങിൽ വച്ചാണ് സുബിയെ ആദ്യമായി പരിചയപ്പെടുന്നത്. ആദ്യതവണ സ്നേഹക്കൂട്ടിൽ എത്തിയ സുബി കുറെയധികം സമയം ഇവിടെ ചിലവഴിക്കുകയും, അച്ഛനമ്മമാർക്കൊപ്പം ഭക്ഷണം കഴിക്കാൻ സമയം കണ്ടെത്തുകയും ചെയ്തതായി നിഷ ഓർമിച്ചെടുക്കുന്നു.
അന്നുമുതൽ പരസ്പരമുള്ള അടുപ്പം സൂക്ഷിച്ചു. സ്നേഹക്കൂടിന്റെ ധനസമാഹരണാർത്ഥം കളത്തിപ്പടി ഗിരിദീപം സ്കൂളിൽ വച്ച് നടന്ന മെഗാ ഷോയിൽ അവതാരകയായി സുബി സുരേഷാണ് എത്തിയത്.
മിമിക്രി കലാകാരനായ കോട്ടയം വില്യംസ് ആയിരുന്നു ഷോയുടെ ഡയറക്ടർ. അന്ന് ആങ്കറായി എത്തിയ സുബിക്കൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നതായി നിഷ പറയുന്നു. മാതാപിതാക്കൾക്കൊപ്പം തങ്ങളുടെ വീട്ടിലാണ് ഷോയുടെ ഭാഗമായി സുബി താമസിച്ചിരുന്നതും നിഷ ഓർമിച്ചെടുക്കുന്നു. പിന്നീട് പിതാവിൻറെ അസുഖവുമായി ബന്ധപ്പെട്ട പലതവണ തന്നെ ഫോണിൽ വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ സമയത്ത് ഒന്നും തന്നെ തന്റെ അസുഖത്തിന്റെ കാര്യം തങ്ങളോട് സുബി പറഞ്ഞില്ലെന്ന് നിഷയുടെ സങ്കടം. മറ്റൊരു സുഹൃത്ത് കൂടി അകാലത്തിൽ പൊലിയുന്നതിന്റെ വേദന പങ്കുവെച്ചാണ് നിഷാ സ്നേഹക്കൂട് സുബിയുടെ വിയോഗ വാർത്ത കേൾക്കുന്നത്.