കട്ടപ്പന: സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽ നിന്നും പിരിച്ചുവിടപ്പെട്ട മുൻപോലീസ് ഉദ്യോഗസ്ഥൻ ലൈസൻസില്ലാത്ത തോക്കുകളും കാട്ടുമൃഗത്തിന്റെ അവശിഷ്ടങ്ങളുമായി പോലീസ് പിടിയിൽ.
കുമളി നഗരമധ്യത്തിൽ റിട്ടയേഡ് എസ് ഐ കിഴക്കയിൽ ഈപ്പൻ വർഗീസിനെയാണ് കട്ടപ്പന ഡി വൈ എസ് പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
വീടിന്റെ രണ്ടാം നിലയിൽ പണം വച്ചുള്ള ചീട്ടുകളി നടക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്ന് 2022 നവംബർ മാസം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിൽ പോലീസ് വേഷപ്രച്ഛന്നർ ആയി 251000 രൂപയോളം പിടികൂടിയിരുന്നു.
വീണ്ടും ഈ കേന്ദ്രത്തിൽ പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നുണ്ടെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും, ഇടുക്കി ജില്ല ഡാൻസഫ് അംഗങ്ങളും, കുമളി പോലീസും ചേർന്ന് നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ ചീട്ടുകളി സംഘത്തെ പിടികൂടാൻ ശ്രമിച്ചു.
ഇതിനിടെ പ്രതികൾ ആരെങ്കിലും ചീട്ടുകളി കേന്ദ്രത്തിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന ഈപ്പൻ വർഗീസിന്റെ മുറിയിൽ ഓടി കയറിയിട്ടുണ്ടാവാം എന്ന സംശയത്തിന്റെ പേരിൽ ഇവിടെ പരിശോധന നടത്തി.
ഈ പരിശോധനയിലാണ് മുറിയിൽ പല സ്ഥലങ്ങളിലായി ഒളിപ്പിച്ചു വച്ചിരുന്ന തോട്ട ഉപയോഗിക്കുന്ന രണ്ട് നാടൻ തോക്കുകളും, രണ്ട് എയർ റൈഫിലുകളും നിരവധി തോട്ടകളും, വെടിമരുന്ന് നിറച്ചു വച്ചിരുന്ന തോട്ടകളും തോട്ടയിൽ ഉപയോഗിക്കുന്ന വെടിയുണ്ട ഉൾപ്പെടെ ഉള്ളവയും, കാട്ടുപന്നിയുടെതെന്ന് സംശയിക്കാവുന്ന തേറ്റയും ഉൾപ്പെടെയുള്ളവ കണ്ടെത്തി. തുടർന്ന് , പോലീസ് കണ്ടെത്തുകയും പ്രതിയായ ഈപ്പൻ വർഗീസ് കിഴക്കയിൽ കുമളി എന്നയാളെ അറസ്റ്റ് ചെയ്തു.
സർവീസിൽ ഉണ്ടായിരുന്ന കാലഘട്ടത്തിൽ മോഷണം ഉൾപ്പെടെയുള്ള അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ പിരിച്ചു വിടൽ ഉൾപ്പെടെയുള്ള നടപടികളെ നേരിട്ട ആളാണ്. ഭാര്യയും മക്കളും വിദേശത്ത് ആയതിനാൽ കുമളിയിൽ തമിഴ്നാട് വന അതിർത്തിയോട് ചേർന്ന് സ്ഥലം വാങ്ങി കെട്ടിടം പണിത് അവിടെ ചീട്ടുകളി ക്ലബ്ബും, വന്യമൃഗ വേട്ടയും, മറ്റ് അനാശാസ്യ പ്രവർത്തനങ്ങളും സ്ഥിരമായി നടത്തി വരുന്നതായി വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
കുമളി മേഖലയിലുള്ള അധോലോക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ആയിട്ട് ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്. മുൻപ് പോലീസിൽ ജോലി ചെയ്തിരുന്നു എന്നതിന്റെ പേരിൽ ആണ് ഇയാൾ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നിരുന്നത് വനമേഖലയിൽ നിരന്തരം കയറി കാട്ടുമൃഗങ്ങളെ വേട്ട നടത്തുന്നതായി തമിഴ്നാട് ഫോറസ്റ്റ് ഇന്റലിജൻസിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ അവരും ഇയാളെ പിടികൂടാൻ ശ്രമിച്ചു വരവേയാണ് ഇയാൾ കേരള പോലീസിനെ പിടിയിലായത്. കൂടാതെ ഇയാളുടെ കെട്ടിടത്തിന്റെ മുകൾ നിലയിൽ പണം വെച്ച് ചീട്ടുകളി നടത്തിയ ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര കൊച്ചു പറമ്പിൽ വീട്ടിൽ മീരാൻ മകൻ ഹബീബ് (63 ), ഈരാറ്റുപേട്ട കടുവാമുഴി വാഴമറ്റം വീട്ടിൽ നൂറുദ്ധീൻ മകൻ മുഹമ്മദ് റസ്സി (43 ), ഏലപ്പാറ മാർക്കറ്റ് ഭാഗത്ത് പോൾ മകൻ മാത്യു പോൾ ( 49 ), കട്ടപ്പന വേലമ്മമാവ്കുടിയിൽ അച്ചൻകുഞ്ഞ് മകൻ ജയ്മോൻ (48 ), ഈരാറ്റുപേട്ട തെക്കേക്കര പുലിയാനിക്കൽ വീട്ടിൽ വീട്ടിൽ അഷറഫ് മകൻ ആബില്‍ ബഷീർ (37 )ഈരാറ്റുപേട്ട തലപ്പാലം കീരിയാത്തോട്ടം മുഹമ്മദ് മകൻ ഹാരിസ് (54 ), കുമളി അട്ടപ്പള്ളം
ഇട്ടിവിളയിൽ മാത്യുമകൻ സാജൻ (40 ), കട്ടപ്പന 20 ഏക്കർ മട്ടക്കൽ വീട്ടിൽ വർഗീസ് മകൻ ഷൈജോ (36), തോപ്രാംകുടി കൈപ്പൻപ്ലാക്കൽ സ്കറിയ മകൻ ജിനേഷ് (41 )എന്നിവരെയും ഇവരിൽനിന്ന് ചീട്ട് കളിക്കാൻ ഉപയോഗിച്ച ഒരു ലക്ഷത്തി മുപ്പതിനായിരത്തി നാല്പത് രൂപയും, ചീട്ടുകളും പിടികൂടി.
അന്വേഷണസംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ജോബിൻ ആന്റണി, എസ് ഐ മാരായ അനൂപ് മോൻ പി ഡി, സജിമോൻ ജോസഫ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിയാദുധീന്‍ കെ. എ, സിനോജ്, സതീഷ്. ഡി ജോബിൻ ജോസ്, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ് ഈഡൻ കെ, നദീർ മുഹമ്മദ് ടി എൽ, ടോം സ്കറിയ, അനൂപ് എം.പി അനുജ്, സുബിൻ പി.എസ് , അനീഷ് വി കെ എന്നിവരാണ് ഉണ്ടായിരുന്നത്.