ഭോപ്പാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ റാലിയിൽ പങ്കെടുത്ത് മടങ്ങിയ പ്രവർത്തകരുടെ ബസ് അപകടത്തിൽ പെട്ട് 14 മരണം. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം.
മധ്യപ്രദേശിലെ മർക്കദ വില്ലേജിനടുത്ത് സിദ്ധിയിലാണ് അപകടമുണ്ടാണ്. സിമന്റ് കയറ്റി വന്നിരുന്ന ലോറി വഴിയരികിൽ നിർത്തിയിട്ട മൂന്നു ബസ്സുകളിൽ വന്നിടിക്കുകയായിരുന്നു.
ബസ് നിർത്തിയിട്ട് ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ 14 പേർ മരിച്ചു.
ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണം. അപകടത്തിൽ മരിച്ചവർക്ക് മഹാരാഷ്ട്ര സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇവരുടെ ആശ്രിതർക്ക് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നിസാര പരിക്കുള്ളവർക്ക് ഒരു ലക്ഷം രൂപയും സർക്കാർ പ്രഖ്യാപിച്ചു. സിദ്ധിയിലെ അപകടത്തിൽ ദു:ഖിക്കുന്നുവെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.