ഹൈദരാബാദ്: മാര്‍ക്കു കുറഞ്ഞതിന്റെ പേരില്‍ അധ്യാപകൻ പരസ്യമായി അവഹേളിച്ചതിൽ മനം നൊന്ത് വിദ്യാര്‍ഥി അതേ ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ചു.
ഹൈദരാബാദ് നാർസിംഗിയിലെ ശ്രീചൈതന്യ ജൂനിയർ കോളജിലെ ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർഥിയായ സാത്വിക് ആണ് മരിച്ചത്.
ഈ കോളജില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികളെ മറ്റുള്ളവര്‍ക്കു മുന്നില്‍ വച്ചു പരസ്യമായി അടിക്കുകയും കണ്ണുപൊട്ടുന്ന രീതിയില്‍ ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്ന ആക്ഷേപമുണ്ട്.
കഴിഞ്ഞ പരീക്ഷയില്‍ സാത്വികിനും മാര്‍ക്ക് കുറവായിരുന്നു. തുടര്‍ന്നു മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് അധ്യാപകന്‍ മോശമായി പെരുമാറി. അപമാനിച്ച അധ്യാപകനെതിരെ പ്രിൻസിപ്പലിനു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ അധ്യാപകൻ പ്രതികാര നടപടി തുടങ്ങി.
ഇതു സഹിക്കാനാകാതെയാണ് രാത്രി ഹോസ്റ്റലിൽ നിന്നിറങ്ങി ക്ലാസ് മുറിയിലെത്തി സാത്വിക് തൂങ്ങി മരിച്ചത്. സാത്വികിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കാൻ കോളജ് അധികൃതരോടു സഹായം ചോദിച്ചെങ്കിലും തയ്യാറായില്ലെന്നും ആരോപണമുണ്ട്.