ബെംഗളൂരു: അമ്മ മരിച്ചതറിയാതെ മകൻ അമ്മയ്ക്കൊപ്പം രണ്ട് ദിവസം താമസിച്ചു. മരണ വിവരം അറിയാതെയാണ് മകൻ മൃതദേഹത്തിനൊപ്പം രണ്ട് ദിവസം കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
ബെംഗളൂരുവിലെ ആർടി നഗറിലാണ് 14കാരനായ മകൻ അമ്മയ്ക്കൊപ്പം താമസിച്ചത്. പ്രമേഹവും രക്തസമ്മർദ്ദവും കുറഞ്ഞതാണ് മരണകാരണമായത്.
സംസാര വൈകല്യമുള്ള അന്നമ്മയുടെ (45) മരണം അറിയാതെയാണ് കുട്ടി മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. 26നാണ് ഇവർ മരിച്ചതെന്നാണ് റിപ്പോർട്ട്. അമ്മ പിണങ്ങി ഉറങ്ങുകയാണെന്നാണ് കുട്ടി കരുതിയത്.
ചൊവ്വാഴ്ച രാവിലെ അന്നമ്മയുടെ മൂക്കിൽ നിന്നും ദ്രാവകം ഒഴുകുന്നത് കണ്ട് മകൻ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഇവരെ ത്തി നടത്തിയ പരിശോധനയിലാണ് മരണവിവരമറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
അന്നമ്മയുടെ ഭർത്താവ് ഒരു വർഷം മുൻപ് വൃക്ക തകരാറിലായി മരിച്ചിരുന്നു. വീട്ടു ജോലിയായിരുന്നു അന്നമ്മയുടെ തൊഴിൽ.
അമ്മ മരിച്ച രണ്ടു ദിവസവും കുട്ടി സുഹൃത്തുക്കൾക്കൊപ്പം പുറത്ത് കളിക്കാൻ പോകുകയും സുഹൃത്തിന്റെ വീട്ടിലെത്തി ഭക്ഷണവും കഴിച്ചിരുന്നു.
കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാണെന്ന് പോലീസ് പറഞ്ഞു. നിയമ നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു.