ക്യാന്‍സര്‍ ബാധിച്ച് മൂന്ന് വര്‍ഷം മുമ്പ് അമ്മ മരിച്ചുപോയ ഒരു കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി മുംബൈ ഹൈക്കോടതി.
അമ്മയുടെ മരണത്തിന് പിന്നാലെ കുട്ടിയെ അച്ഛന് കൈമാറണമെന്ന് കോടതി ഉത്തരവിടുകയും ഇതിന് പിന്നാലെ അച്ഛന്‍ മകനെ കാറില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി കുതറിമാറുകയും അലറി വിളിച്ച് കോടതി മുറിയിലേക്ക് ഓടിക്കയറുകയുമായിരുന്നു.
കുട്ടിയുടെ അമ്മ മരിച്ചു കഴിഞ്ഞപ്പോള്‍ കുട്ടിയുടെ സംരക്ഷണം അമ്മയുടെ ബന്ധുക്കള്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് 2019ല്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. 2022ല്‍ ഹൈക്കോടതി അച്ഛന് അനുകൂലമായ ഉത്തരവ് വിധിച്ചു. ഈ ഉത്തരവ് 2022 സെപ്റ്റംബറില്‍ സുപ്രീം കോടതി ശരിവച്ചു. എന്നാല്‍, കുട്ടിയെ വിട്ട് നല്‍കാന്‍ അമ്മയുടെ വീട്ടുകാര്‍ തയാറായില്ല.
ഇതേത്തുടര്‍ന്ന് അച്ഛന്‍ വീണ്ടും കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ഈ ഹര്‍ജിയില്‍ തീര്‍പ്പാക്കിയതിന് പിന്നാലെയാണ് കോടതി വളപ്പില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം. ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, പി.ഡി. നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കോടതിയലക്ഷ്യ ഹര്‍ജിയില്‍ കുട്ടിയെ അച്ഛന് കൈമാറണമെന്ന് ഉത്തരവിട്ടു. ഇതിന് പിന്നാലെ അച്ഛന്‍, മകനെ കാറില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ പതിനൊന്ന് വയസുള്ള കുട്ടി കുതറിമാറുകയും അലറി വിളിച്ച് കോടതി മുറിയിലേക്ക് ഓടിക്കയറുകയുമായിരുന്നു.
പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ കുട്ടിയുടെ അച്ഛനുമായി കോടതി വളപ്പില്‍ വച്ച് വാക്കേറ്റമായി. കുട്ടി കോടതിയിലേക്ക് ഓടിക്കയറിയതോടെ കക്ഷികള്‍ വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി വീണ്ടും കേസ് കേള്‍ക്കാന്‍ തയാറായി.
വൈകിട്ട് ഏഴിന് കസ്തൂര്‍ബ മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ വച്ച് കുട്ടിയെ പിതാവിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.