ബഹ്റെെൻ: പത്തു വയസ്സുള്ള മകളെ പീഡിപ്പിച്ച അഞ്ച് കുട്ടികളുടെ പിതാവിന് 10 വർഷം തടവ് ശിക്ഷ. ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതിയിൽ ഇയാൾ കുറ്റം നിഷേധിച്ചു.
എന്നാൽ, തെളിവുകൾ എല്ലാം ഇയാൾക്ക് എതിരായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സാക്ഷി മൊഴികളും എതിരായിരുന്നു.
പ്രതിയും കുടംബവും താമസിച്ചിരുന്ന വീട്ടിൽ വച്ചാണ് ഇയാൾ മകളെ പീഡിപ്പിച്ചത്.
കുട്ടിയുടെ സഹോദരങ്ങളും അമ്മയും വീട്ടിലുണ്ടായിരുന്നു. എന്നാൽ ഇവർ ഉറക്കത്തിലായിരുന്നു. പീഡത്തിനിരയായ കുട്ടിയുടെ എട്ട് വയസുകാരനായ സഹോദരനാണ് കേസിലെ സാക്ഷി. തന്റെ സഹോദരിയെ പിതാവ് പീഡിപ്പിക്കുന്നത് കണ്ടെന്നും താനാണ് മാതാവിനോട് വിവരം പറഞ്ഞതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.
പിതാവ് ബലം പ്രയോഗിച്ച് തന്റെ വസ്‍ത്രങ്ങള്‍ അഴിപ്പിച്ചു. പല തവണ തന്നെ പീഡിപ്പിച്ചെന്നും കുട്ടി കോടതിയിൽ പറഞ്ഞു. തന്റെ അവസ്ഥ വിവരിച്ച് കുട്ടി വരച്ച ഒരു ചിത്രവും കേസ് രേഖകളുടെ ഭാഗമായി കോടതി പരിഗണിച്ചു.
ഒരു പുരുഷനും കരയുന്ന പെണ്‍കുട്ടിയും കിടക്കയില്‍ ഇരിക്കുന്നതാണ് കുട്ടി വരച്ച ചിത്രത്തിൽ ഉള്ളത്. ബെഡിന്റെ അടുത്ത് ഒരു ഹൃദയ ചിഹ്നം വരച്ച ശേഷം അതിന്റെ മുകളിൽ അമ്മ എന്ന് എഴുതിയിട്ടുണ്ട്.
പ്രതിക്കെതിരായ തെളിവുകളും പീഡനത്തിനിരയായ കുട്ടിയുടേയും സഹോദരന്റെയും മൊഴികൾ കോടതി കണക്കിലെടുത്തു. പ്രതിയില്‍ നിന്ന് നഷ്ടപരിഹാരം തേടി ഹൈ സിവില്‍ കോടതിയിൽ പരാതി നൽകാൻ തീരുമാനിച്ചെന്ന് അഭിഭാഷകന്‍ അറിയിച്ചു.
കുട്ടിയെ മെഡിക്കല്‍ പരിശോധന നടത്തി. ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ആണ് കണ്ടെത്തിയത്. മറ്റ് തരത്തിലുള്ള പീഡനങ്ങള്‍ പ്രകടമായ അടയാളങ്ങളൊന്നും ശരീരത്തിൽ ഇല്ലായിരുന്നു. എന്നാൽ, തന്റെ ഭർത്താവ് ആദ്യം കുറ്റം സമ്മതിച്ചതാണെന്നും തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറഞ്ഞിരുന്നെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.
എന്നാൽ, കുട്ടിയുടെ പിതാവ് നിരപരാധിയാണെന്നും കുട്ടിയുടെ മാതാവ് വ്യാജ ആരോപണങ്ങള്‍ ചമച്ചാണ് ഈ കേസ് ഉണ്ടാക്കിയതെന്നും പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ നൽകുമെന്നും അവർ പറഞ്ഞു.